കോഴിക്കോട്: കൊറോണ വൈറസ് സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തില്‍ കേരളത്തിലെ തുറമുഖങ്ങളിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ നിര്‍ദേശം. ലക്ഷദ്വീപ് കപ്പല്‍ യാത്രക്കാരെ ഡോക്‌ടറുടെ സാന്നിധ്യത്തില്‍ പരിശോധിച്ചു കടത്തി വിടാനാണു തുറമുഖ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. യാത്രക്കാരെ പരിശോധിക്കാന്‍ പഴയ സ്‌കാനിങ് മുറിയില്‍ ആവശ്യമായ സൗകര്യം സജ്‌ജീകരിക്കുന്നുണ്ട്. അസുഖ ലക്ഷണം കാണുന്നവരെ നിരീക്ഷിക്കാനും വിശ്രമിക്കാനുമായി പുതിയ സ്‌കാനിങ് മുറിയുടെ മുകള്‍ നിലയില്‍ ഐസലേഷന്‍ വാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു അധികൃതര്‍ അറിയിച്ചു.
ആന്ത്രോത്ത് ദ്വീപില്‍നിന്നുള്ള യാത്രക്കാരുമായി പറളി ഹൈസ്‌പീഡ് കപ്പല്‍ വെള്ളിയാഴ്‌ച ബേപ്പൂരില്‍ എത്തി. കില്‍ത്തന്‍ ചെത്‌ലാത്ത്, ബിത്ര ദ്വീപില്‍ നിന്നുള്ള യാത്രക്കാരുമായി എം.വി അമിന്‍ദ്വിവി കപ്പല്‍ ഒന്നിനു രാവിലെ 10നും എത്തും. ദ്വീപില്‍ നിന്നെത്തുന്ന മുഴുവന്‍ യാത്രക്കാരെയും പരിശോധിച്ച ശേഷം മാത്രമാകും പുറത്തേക്ക് വിടുക. കപ്പല്‍ വരുന്ന ദിവസങ്ങളില്‍ ഡോക്‌ടറുടെ സേവനം ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് തുറമുഖ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിലും സമാനാരീതിയില്‍ പരിശോധന സംവിധാനം ഒരുക്കിയിട്ടുണ്ട്.