തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹം സ്‌പെയിനില്‍ നിന്നും തിരിച്ചെത്തിയ ആളാണ്. റേഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മാര്‍ച്ച് ഒന്നിനാണ് ഇദ്ദേഹം സ്‌പെയിനില്‍ നിന്നും നാട്ടിലെത്തിയത്. സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 21 ആയി. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.
വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കും. കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ബോധവല്‍ക്കരണങ്ങള്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പരിശോധനയോട് യാത്രക്കാര്‍ സഹകരിക്കുന്നുണ്ടെന്നും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു. പരിശോധനയ്ക്ക് വിധേയരായവര്‍ ഫലം വരാതെ തിരിച്ചുപോകരുത്. വിദേശികളുടെ യാത്ര വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം കൊറോണയെ ഭയന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം ഒഴിവാക്കണമെന്നും എന്നാല്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.