തിരുവനന്തപുരം : കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും നില ഗുരുതരമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം ആർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നോ ഇവർ എവിടെയാണെന്നോ ഉള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആദ്യം രോഗബാധ സ്ഥിരീകരിച്ച തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന പെണ്‍കുട്ടി ഭക്ഷണം കഴിക്കുകയും എഴുന്നേറ്റു നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. തൊണ്ടവേദനയ്ക്കും ചുമയ്ക്കും കുറവുണ്ട്. പെൺകുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.
ഈ പെണ്‍കുട്ടിയുമായി ഇടപഴകിയ 69 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 37 പേര്‍ നേരിട്ട് ഇടപെട്ടവരാണ്. തൃശൂരില്‍ 133 പേര്‍ വീടുകളിലും 21 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. തൃശൂരില്‍ നിന്ന് ഇന്ന് അഞ്ച് സാമ്പിളുകള്‍ കൂടി അയച്ചു. സാമ്പിള്‍ പരിശോധന വേഗത്തിലാക്കാൻ പൂനെയിൽ നിന്നുളള സംഘം അടുത്ത ദിവസം മുതല്‍ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെത്തും.
ഈ പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്ത വിദ്യാർത്ഥിനി പനി ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ സിങ്ജിയാങിൽ നിന്നുള്ള 12 മലയാളി വിദ്യാർത്ഥികൾ നാട്ടിലെത്തി. 12 പേരെയും വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പ് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് വീടുകളിലേക്ക് അയച്ചത്.
കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ നിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം രാവിലെ ഡൽഹിയിൽ എത്തി. ഇന്നലെ 42 മലയാളികൾ അടക്കം 324 പേരെ തിരികെ എത്തിച്ചിരുന്നു. മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാമ്പിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് എത്തുന്ന സംഘത്തെയും ഈ രണ്ട് കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ നാട്ടിലേക്ക് തിരികെ അയക്കൂ.
കൊറോണയെ തുടർന്ന് ചൈനയിൽ മരണസംഖ്യ മുന്നൂറ് കടന്നു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം പതിനാലായിരത്തിലേറെയായി. അമേരിക്കയിലും ജർമനിയിലും യുഎഇയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടും ചൈനയിൽ അപകടകരമായ രീതിയിൽ കൊറോണ പടരുകയാണ്. ഇന്നലെ മാത്രം 50ൽ ഏറെ മരണങ്ങളുണ്ടായതാണ് റിപ്പോർട്ട്.
ചൈനയിൽ നിന്നുള്ളവർക്ക് കടുത്ത വിലക്കുകളേർപ്പെടുത്തി കൂടുതൽ രാജ്യങ്ങളും രംഗത്തെത്തി. അമേരിക്കക്കും ഓസ്ട്രേലിയക്കും പിന്നാലെ ഇസ്രയേലും റഷ്യയും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ചൈനയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കൂടുതൽ വിമാനക്കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. ചൈനയിൽ നിന്നും ഹോങ്കോങിൽ നിന്നുമുള്ള യാത്രക്കാർക്ക് കുവൈത്തും വിലക്കേർപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ നിർദേശം മറികടന്നാണ് രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തുവരുന്നത്.