ചൈന : കൊറോണ വൈറസ് പടരാതിരിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. വുഹാന്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ 13 നഗരങ്ങള്‍ അടച്ചു. വൈറസ് ബാധിച്ച 26 പേരാണ് ഇതുവരെ മരിച്ചത്. 880 ലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
കൊറോണ വൈറസ് ബാധിച്ച് മരണം 26 ആയതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ചൈനയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് 13 നഗരങ്ങള്‍ ചൈന അടച്ചത്. മധ്യ ചൈനയിലെ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ഗതാഗതം തടഞ്ഞു.
29 പ്രവിശ്യകളിലാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹോങ്കോങ്ങ്, മക്കാവൂ, തയ്‍വാന്‍, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‍ലന്‍ഡ്, യു.എസ് എന്നിവിടങ്ങളിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലും സിംഗപ്പൂരിലും ദക്ഷിണ കൊറിയയിലും കൂടുതല്‍ ആളുകളില്‍ രോഗം സ്ഥിരീകരിച്ചു.
വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്നലെ ആരംഭിക്കേണ്ട ചൈനീസ് പുതുവര്‍ഷാഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. രോഗികളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് കൊറോണ വൈറസ് ബാധയേറ്റവരെ മാത്രം ചികിത്സിക്കാന്‍ പ്രത്യേക ആശുപത്രി തയ്യാറാക്കുന്നുണ്ട്. വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ നഗരത്തിലാണ് ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുന്നത്.