വുഹാന്‍: തെരുവില്‍ യുവാവ് മരിച്ചു വീണ് മണിക്കൂറുകളോളം കിടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല. ഒടുവില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് യുവാവ് വീണകിടന്നത്. കൊറോണ വൈറസ് ബാധയേറ്റ ചൈനയിലെ വുഹാനിലെ തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണിത്.
കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് ഇയാള്‍ മരിച്ചുവീണത്. കൊറോണ ബാധിച്ചാണോ ഇയാളുടെ മരണമെന്ന് വ്യക്തമല്ല. പക്ഷേ നാട്ടുകാര്‍ കൊറോണ തന്നെയാണെന്ന് ഉറപ്പിച്ച് മൃതദേഹത്തിനടുത്തേക്ക് അടുത്തില്ല. മുഖത്ത് മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നു. മരിച്ചു കിടക്കുമ്പോഴും കയ്യിലെ ക്യാരി ബാഗില്‍ നിന്ന് അയാള്‍ പിടിവിട്ടിരുന്നില്ല. ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് 213 പേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ 159 മരണങ്ങളും വുഹാനിലാണ്.