കൊച്ചി : കൊറോണ പടരുന്ന ചൈനയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കൊച്ചിയിലെത്തിച്ച 15 മലയാളി വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും. നേരത്തെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും പ്രത്യേക സുരക്ഷയില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഇവരെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. ഇതിനു ശേഷമാണ് അടുത്ത 28 ദിവസത്തേക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഇവരോട് ആവശ്യപ്പെട്ടത്.
ആശങ്കകള്‍ക്കും അനശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് 15 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ചൈനയില്‍ നിന്ന് നാട്ടിലെത്താനായത്. ബാംഗോങ്ങ് വഴിയുള്ള വിമാനത്തില്‍ രാത്രി 11 മണിയോടെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. തമിഴ്നാട് സ്വദേശികളായ 2 വിദ്യാര്‍ത്ഥികള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ട്. യുനാൻ പ്രവിശ്യയിലെ ഡാലിയൻ ആരോഗ്യ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാണ് എല്ലാവരും. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
കേരളത്തിലേക്ക് പോരാനായി കഴിഞ്ഞ ദിവസം കുമിങ്ങ് വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഇവര്‍ക്ക് വിമാനത്തില്‍ കയറാനായിരുന്നില്ല. സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ ഇവരെ കയറ്റാത്തതാണ് തിരിച്ചടിയായത്. ഇവരുടെ ദുരിതം വാർത്തയായതോടെ കേന്ദ്ര സഹ മന്ത്രി വി. മുരളീധരൻ ഇടപെടുകയും ബാംഗോക്ക് വഴി യാത്രക്ക് അവസരം ഒരുക്കുകയുമായിരുന്നു.