തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ്. വിവിധ ജില്ലകളിലായി 3144 പേര്‍ നിരീക്ഷണത്തിലാണ്. 45 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.
കേരളത്തില്‍ നിന്ന് 330 സാമ്പിളുകളാണ് ഇതുവരെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. ഇതില്‍ 288 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. ഇന്നലെ ഒമ്പത് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 70 പേരില്‍ 66 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. ഒരു ഫലം കൂടി ലഭിക്കാനുണ്ട്. ആശങ്ക അകന്നെങ്കിലും ജാഗ്രത തുടരുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് മൂടണം. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരണം. കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.