തൃശൂര്‍ : കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. രോഗലക്ഷണങ്ങള്‍ കുറവാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1794 ആയി.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1723 പേര്‍ വീടുകളിലും 71 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പരിശോധനയും നിരീക്ഷണവും ശക്തമായി തുടരനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ച 38 സാമ്പിളുകളില്‍ 24 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയുടെ പരിശോധനക്കായി അയച്ച രണ്ടാമത്തെ സാമ്പിള്‍ റിസള്‍ട്ട് കൂടി ലഭിക്കേണ്ടതുണ്ട്.
തൃശ്ശൂര്‍ ജില്ലയില്‍ 133 പേര്‍ വീടുകളിലും 22 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ജനറല്‍ ആശുപത്രിയില്‍ 7 പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 14 പേരും വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാമ്പിളുകളുടെ പരിശോധന വേഗത്തിലാക്കുന്നതിനായി പൂനെയിൽ നിന്നുള്ള സംഘം നാളെ ആലപ്പുഴയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്ഗധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഇനിയുള്ള സാമ്പിളുകൾ ആലപ്പുഴയിലെ ലാബില്‍ പരിശോധിക്കും. വുഹാനിൽ നിന്നെത്തിയവരുടെ കുടുംബാംഗങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.