തിരുവനന്തപുരം : കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസ്ക്കും ഹാന്‍ഡ് സാനിറ്റൈസറും നല്കാന്‍ നിര്‍ദേശം. റാങ്ക് വ്യത്യാസമില്ലാതെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാസ്ക്കും ഹാന്‍ഡ് സാനിറ്റൈസറും വാങ്ങി നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
വൈറസ് ബാധ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് ജനമൈത്രി പോലീസിന്റെ സേവനം വിനിയോഗിക്കും.
നേരത്തെ കൊവിഡ്19 വൈറസിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സംസ്ഥാന വ്യാപകമായി ബയോമെട്രിക് പഞ്ചിംഗ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു. രോഗം പടരുന്നത് തടയുന്നതിനാണ് നിര്‍ദ്ദേശം. ഇതോടൊപ്പം എല്ലാ ജീവനക്കാര്‍ക്കും മാസ്ക്ക് ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മാസ്കുകൾക്ക് വലിയ ക്ഷാമമുണ്ടെങ്കിലും പത്തനംതിട്ടയിലെ ജീവനക്കാർക്ക് ഇന്നു തന്നെ മാസ്ക് എത്തിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.