ബെയ്‌ജിങ് : കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയില്‍ നിന്നാണോ എന്ന ആരോപണം അന്വേഷിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെ നിശിതമായി വിമര്‍ശിച്ച് ചൈന. ഇക്കാര്യം അന്വേഷിക്കണമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നത്.
ആരോപണത്തില്‍ ഒരു കഴമ്പുമില്ലെന്ന് വ്യക്തമാക്കിയ ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയാന്‍ ഇത് രാഷ്ട്രീയ ഉപജാപവും മറ്റുള്ളവരുടെ തലയില്‍ കുറ്റം ചാര്‍ത്തലും മാത്രമാണെന്ന് പറഞ്ഞു. അമേരിക്കയ്ക്ക് വസ്തുതകളിലോ സത്യാന്വേഷണത്തിലോ താല്‍പ്പര്യമില്ല. വൈറസിന്റെ ഉദ്ഭഭവത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താനും അവര്‍ വിമുഖരാണ്. മഹാമാരിയെ രാഷ്ട്രീയ ഉപജാപങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുക മറ്റുള്ളവര്‍ക്കു മേല്‍ കുറ്റം ചുമത്തുക തുടങ്ങിയവയാണ് അവരുടെ ലക്ഷ്യം. ശാസ്ത്രത്തോട് അവര്‍ക്ക് അനാദരവാണ്. മനുഷ്യജീവിതങ്ങളോട് നിരുത്തരവാദപരമായ സമീപനവും. അമേരിക്കന്‍ ശ്രമങ്ങള്‍ വൈറസ് വ്യാപനത്തിനെതിരെ ലോകം നടത്തുന്ന പോരാട്ടങ്ങളെ മോശമായി ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
കൊറോണ വൈറസ് ലാബില്‍നിന്നു ചോര്‍ന്നതാണോ മൃഗങ്ങളില്‍നിന്ന് പരന്നതാണോ എന്ന കാര്യം അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ബൈഡന്‍ യു എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു തന്നെ രണ്ടഭിപ്രായമുള്ള സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരം വേണമെന്നാണ് ബൈഡന്‍ ആവശ്യപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പത്രക്കുറിപ്പ് വിശദമാക്കുന്നു.
ചൈനയിലെ വുഹാനിലുള്ള മാര്‍ക്കറ്റിലാണ് ആദ്യം കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനുശേഷം അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് അടക്കം നിരവധി പ്രമുഖര്‍ രോഗത്തിന്റെ ഉറവിടം ചൈനീസ് ലാബുകള്‍ ആണെന്ന് ആരോപിച്ചിരുന്നു.
ചൈനീസ് ലാബുകളില്‍നിന്നും അബദ്ധത്തില്‍ പുറത്തുവന്നതാണ് കൊവിഡ് 19 -നു കാരണമായ വൈറസ് എന്നായിരുന്നു ആരോപണം. എന്നാല്‍ തുടക്കം മുതല്‍ ചൈന ഇക്കാര്യം നിഷേധിച്ചു. ട്രംപിന്റെ ആരോഗ്യ ഉപദേശകനായ ആന്റണി ഫുകിയും ഈ സാധ്യത അന്ന് തള്ളിക്കളഞ്ഞിരുന്നു. പിന്നീട് ലോകാരോഗ്യ സംഘടനയും ഈ ആരോപണം തള്ളി. തുടര്‍ന്ന് ട്രംപ് സംഘടനയ്ക്കുള്ള ധനസഹായം വെട്ടിക്കുറക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ ഈ ആരോപണം അന്വേഷിക്കാനുള്ള ബൈഡന്റെ തീരുമാനം. 2019-ല്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ഇതിനകം ലോകമാകെ 16.8 കോടി പേര്‍ക്ക് ബാധിച്ചിട്ടുണ്ട്. ഇതിനകം 35 ലക്ഷം പേര്‍ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടു.