കോന്നി : പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിവാഹങ്ങൾ പലതും മാറ്റി വെയ്ക്കുകയോ അല്ലെങ്കിൽ കുറച്ച് ആളുകൾ മാത്രം പങ്കെടുത്ത് നടത്തുകയോ ആണ് ചെയ്യുന്നത് .
എന്നാൽ അതിലും മാതൃകയായി വിവാഹത്തിൽ പങ്കെടുത്തവർക്ക് മുഖാവരണവും ഹാൻഡ് വാഷും നൽകി കോന്നിയിലെ ഒരു വിവാഹം മാതൃകയായി . അട്ടച്ചാക്കല്‍ ആഞ്ഞിലിക്കുന്ന് ശാരദാ മന്ദിരത്തിൽ പരേതനായ രാജുവിന്റെയും ജയയുടെയും ഇളയ മകളുടെ വിവാഹമാണ് വ്യത്യസ്തമായത്. തലച്ചിറ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററായ സൗമ്യയും പത്തനാപുരം പുന്നല മൂലമുന്നേൽ ദേവദാസിന്റെയും ലതയുടെയും മകൻ ഗോകുൽദാസും തമ്മിലുള്ള വിവാഹം ഞായറാഴ്ച്ച 12ന് കോന്നി ശബരി ഓഡിറ്റോറിയത്തിൽ വെച്ച് 600 പേര് പങ്കെടുത്ത് നടത്താൻ നിശ്ചയിച്ചതായിരുന്നു . എന്നാൽ കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആളുകൂടുന്നത് ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം അനുസരിച്ച് വധുവിന്റെ വീട്ടിൽ പന്തലിട്ട് ലളിതമായി വിവാഹം നടത്തുകയായിരുന്നു. വധുവിന്റെയും വരന്റെയും ബന്ധുക്കളായ 30 ആളുകൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹം ലളിതമായി നടത്തിയതിലൂടെ സമൂഹത്തിന് നല്ല ഒരു സന്ദേശം നൽകുകയാണ് ഇവർ ചെയ്തത്. വധുവിന്റെ പിതാവ് രാജു കഴിഞ്ഞ നവംബറിലാണ് മരണപ്പെടുന്നത് . റോഡിൽ പൊട്ടിവീണ വൈദ്യുത കമ്പികൾ നീക്കുന്നതിനെ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. റോഡിലൂടെ യാത്രക്കാർക്ക് പോകാൻ ബുദ്ധിമുട്ടായത് കാരണമാണ് കമ്പികൾ നീക്കം ചെയ്യാൻ രാജു മുതിർന്നത് . മരണത്തിലും മാതൃകയായ രാജുവിന്റെ മകളുടെ വിവാഹവും മാതൃകയായി.