ന്യൂഡല്‍ഹി : ലോകത്ത് കൊറോണ വൈറസ് മൂലമുള്ള മരണനിരക്ക് ഉയരുന്നു. ലോകത്ത് മരിച്ചവരുടെ എണ്ണം 5000 കവിഞ്ഞു. മരണസംഖ്യ 5056 ആയി. 127 രാജ്യങ്ങളിലായി 1,35,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ 514 പേര്‍ മരിച്ചു. ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 81 ആയി. ഇതില്‍ 16 ഇറ്റാലിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കെനിയ, കസാഖിസ്ഥാന്‍, എതോപ്യ എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 186 പേരാണ്. ഇതോടെ മരണസംഖ്യ 1016 ആയി. 15,113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഇറ്റലി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം പടരുന്നത് തടയാന്‍ ഇറ്റലിയില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ ഒഴികെ ഹോട്ടലുകളും ബാറുകളുമടക്കം എല്ലാ കടകളും പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റോമിലെ എല്ലാ കത്തോലിക്ക പള്ളികളും അടച്ചിടും. 900ഓളം പള്ളികളാണ് റോമില്‍ പൂട്ടുന്നത്.
ദക്ഷിണകൊറിയയില്‍ പുതുതായി 110 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1663 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫിയയ്ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ സ്ഥിഗതിഗതികള്‍ നിയന്ത്രണവിധേയമായി തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
കൊറോണ ബാധിച്ച് ഇന്ന് ഏഴുപേര്‍ മാത്രമാണ് മരിച്ചതെന്ന് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. മരണം കൂടുതലും ഹ്യൂബെയ് പ്രവിശ്യയിലാണ്. എട്ടു പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
കൊവിഡ് ബാധയെത്തുടര്‍ന്ന് അടഞ്ഞുകിടന്ന ആപ്പിള്‍ സ്റ്റോറുകള്‍ ഇന്നുമുതല്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രോഗബാധ നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലാണ് സ്റ്റോറുകള്‍ തുറക്കുന്നത്. കൊറോണ ബാധയെത്തുടര്‍ന്ന് ഫെബ്രുവരി ആദ്യവാരമാണ് ചൈനയില്‍ ആപ്പിള്‍ സ്റ്റോറുകള്‍ അടയ്ക്കുന്നത്. കൊറോണ വ്യാപനം കണത്തിലെടുത്ത് ഇറ്റലി ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സിംഗപ്പൂര്‍ വിലക്കേര്‍പ്പെടുത്തി.