ന്യൂഡല്‍ഹി : ലോകമാകെ കൊറോണ മരണം കുതിച്ചുകയറുകയാണ് . 264,811 പേരാണ് ഇതുവരെ മരിച്ചത്. 3,818,791 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 48,208 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊറോണ അതിഭീകരമായി പടര്‍ന്ന അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതും. ദിവസവും രണ്ടായിരത്തിന് മേല്‍ മരണങ്ങളാണ് അമേരിക്കയില്‍ സംഭവിക്കുന്നത്. ഇന്നലെയും 2,524 പേര്‍ മരിച്ച അമേരിക്കയില്‍ ഇതുവരെ 74,795 പേരാണ് മരിച്ചത്. മരണം ഒരു ലക്ഷത്തിലേക്ക് കുതിക്കുമ്പോള്‍ 1,262,887 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ ബാധിച്ചത്. ഇന്നലെയും പുതുതായി 25,254 പേരില്‍ രോഗബാധ കണ്ടെത്തി. 15,821 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
യൂറോപ്പിന് ആശ്വാസമായി ബ്രിട്ടന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ കൊറോണ മരണ നിരക്കും കൊറോണ രോഗബാധയും കുറഞ്ഞിട്ടുണ്ട്. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ കൊറോണ മരണ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം ബ്രിട്ടനില്‍ മരണ നിരക്ക് ഉയരുകയാണ്. ഇന്നലെയും 649 പേരാണ് യുകെയില്‍ മരിച്ചത്. മരണ നിരക്കില്‍ അമേരിക്കയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്തായിരുന്ന ഇറ്റലിയെയും പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയ ബ്രിട്ടനില്‍ ഇതുവരെ മരിച്ചത് 30,076 പേരാണ്. ഇന്നലെയും പുതുതായി 6,111 പേരിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ ബ്രിട്ടനിലെ കൊറോണ രോഗികളുടെ എണ്ണം 201, 101 ആയി. ഇതില്‍ 1559 പേര്‍ അതീവഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
സ്‌പെയിനില്‍ ഇന്നലെ 244 പേരും ഇറ്റലിയില്‍ 369 പേരും ഫ്രാന്‍സില്‍ 278 പേരുമാണ് മരിച്ചത്. ജര്‍മനിയില്‍ ഇന്നലെ 282 പേര്‍ മരിച്ചു. മരണത്തെ പിടിച്ചു കെട്ടാന്‍ ആവുന്നത്ര പരിശ്രമിച്ചിട്ടും 7275 പേരാണ് ഇതുവരെ ജര്‍മനിയില്‍ മരിച്ചത്. റഷ്യയില്‍ ഇന്നലെ 86 പേര്‍ മരിച്ചു. ഇതോടെ മരണ നിരക്ക് 1,537ല്‍ എത്തി. ബെല്‍ജിയത്തില്‍ ഇന്നലെ 323 പേരാണ് മരിച്ചത്. ഇതോടെ മരണ നിരക്ക് 8339 ആയി ഉയര്‍ന്നു.
ലാറ്റിന്‍ അമേരിക്കയിലും കൊറോണ അതിവേഗം മരണം വിതയ്ക്കുകയാണ്. ബ്രസീലിനെ അതീവ ഗുരുതരമായി കൊറോണ കാര്‍ന്നു തിന്നാന്‍ തുടങ്ങിയിരിക്കുകയാണ്. 645 പേരാണ് ഇന്നലെ ബ്രസീലില്‍ മരണപ്പെട്ടത്. ഇതോടെ ബ്രസീലിലെ മരണ നിരക്ക് 8,566 ആയി. 126,148 കൊറോണ രോഗികളാണ് ബ്രസീലില്‍ ഉള്ളത്. ഇന്നലെയും പുതുതായി 11,433 പേരില്‍ രോഗബാധ കണ്ടെത്തി. കാനഡയില്‍ 189 പേരും പെറുവില്‍ 89 പേരും ഇന്നലെ മരിച്ചു.