തണ്ണിത്തോട് : ഡി.ജി.പി നടത്തിയ151 കോടി രൂപയുടെ പോലീസ് നവീകരണ ഫണ്ട് അഴിമതി മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയും ഒത്താശയോടെയുമുള്ള വൻ കൊള്ളയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.രതികമാർ പറഞ്ഞു. പോലീസ് ഫണ്ടിലെ അഴിമതി, അതിൽ മുഖ്യമന്ത്രിയുടെ പങ്ക്, തോക്കും വെടിയുണ്ടകളും നഷ്ടപ്പെട്ട സംഭവം എന്നിവ ഉന്നത ഏജസി അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച് കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണിത്തോട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയും സ്വജനപക്ഷപാതവും പിണറായി സർക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുകയായാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പോലീസ് സേനയുടെ നവീകരണണത്തിനായി കേന്ദ്ര സഹായത്തോടെ അനുവദിച്ച കോടി ക്കണക്കിന് രൂപ വകമാറ്റി ചെലവഴിക്കുകയും വൻ അഴിമതി നടത്തുകയും ചെയ്തതായി ഭരണഘടനാ സ്ഥാപനമായ സി.എ.ജി കണ്ടെത്തിയിട്ടും അന്വേഷണത്തിന് തയ്യാറാകാത്തത് എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന തീവെട്ടിക്കൊള്ളയായതുകൊണ്ടാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആരോപിച്ചു.
പോലീസ് അധീനതയിലുണ്ടായിരുന്ന അത്യാധുനിക തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ ഒട്ടേറെ ആരോപണങ്ങൾ നേരിട്ടിട്ടുള്ള പോലീസ് ഉന്നതനെ തന്നെ അന്വേഷണത്തിന് നിയോഗിച്ചത് കള്ളനെ കാവൽ ഏല്പിക്കുന്നതിന് തുല്യമാണെന്നും കുറ്റക്കാരെ രക്ഷിക്കുന്നതിനാണിതെന്നും ജി.രതികമാർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി നടത്തിയ സാങ്കേതിക സർവ്വകലാശാലാ അദാലത്തും മാർക്ക് ദാനവും നിയമവിരുദ്ധമാണെന്ന് ചാൻസലർ കൂടിയായ സംസ്ഥാന ഗവർണ്ണർ പ്രഖ്യാപിച്ച സാഹചര്യത്തിൽ മന്ത്രി കെ.റ്റി ജലീലിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. ബജറ്റിലെ ഭീമമായ നികുതി വർദ്ധന ഉൾപ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസ് നടന്നുന്ന സമരം ശക്തമായി തുടരുമെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോയിച്ചൻ എഴിക്കകത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ കെ.വി തോമസ്, വി.എം ചെറിയാൻ, കെ.പി.എസ് നായർ, ഇ.കെ.സത്യവൃതൻ, സലീം.പി. ചാക്കോ, മണ്ഡലം പ്രസിഡൻറുമാരായ അജൻ പിള്ള ആനിക്കനാട്ട്, ബഷീർ വെള്ളത്തറ, പി.അനിൽ, ജി.ശ്രീകുമാർ, രാജു കലപ്പ മണ്ണിൽ, ബ്ലോക്ക് ഭാരവാഹികളായ ജോൺ മാത്യു തെനയം പ്ലാക്കൽ, വി.സി ഗോപിനാഥപിള്ള, ആർ.ദേവകുമാർ, ഷെമീർ തടത്തിൽ, മോനിഷ് മുട്ടുമണ്ണിൽ, അനിയൽ ചിറ്റിരിക്കൽ, എം.കെ.മാത്യൂ, പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി എന്നിവർ പ്രസംഗിച്ചു.
തണ്ണിത്തോട് കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുമ്പിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പോലീസ് സ്റ്റേഷനു മുമ്പിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം തടയുകയും പോലീസ് വലയം ഭേദിക്കുവാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരുമായി നേരിയ തോതിൽ സംഘർഷം ഉണ്ടാകുകയും ചെയ്തു.