തിരുവല്ല: ലൈസന്‍സില്ലാത്ത ആക്രികടയുടെ വാടക എല്ലാ മാസവും നഗരസഭ കൗണ്‍സിലര്‍ വാങ്ങുന്നതായി കടയുടമയുടെ മൊഴി. നഗരസഭയുടെ 32-ാം വാര്‍ഡിലെ അമ്പിളി പാര്‍ക്കിനോട് ചേര്‍ന്ന് അനധികൃതമായി നിര്‍മ്മിച്ച ലൈസന്‍സില്ലാത്ത ആക്രികടയുടെ വാടക നഗരസഭ കൗണ്‍സിലര്‍ വാങ്ങുന്നതായി കടയുടമയും തമിഴ്‌നാട് സ്വദേശിയായ കാവുംഭാഗം പൂക്കാട്ട് വീട്ടില്‍ താമസിക്കുന്ന ഷണ്‍മുഖവേല്‍ നഗരസഭ സെക്രട്ടറിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. എച്ച്5/ 24764/22-ാം നമ്പര്‍ ഫയല്‍ പ്രകാരം നഗരസഭ സെക്രട്ടറി മുന്‍പാകെ 5-12-2022ല്‍ ഷണ്‍മുഖവേല്‍ നല്‍കിയ മൊഴിയിലാണ് അനധികൃത കടയുടെ വാടക തുകയായ 8,000 രൂപ വീതം എല്ലാ മാസവും കൗണ്‍സിലര്‍ വാങ്ങുന്നതായി പറഞ്ഞിരിക്കുന്നത്.
കടയുടമയുടെ മൊഴിയില്‍ പറയുന്നത് ഇങ്ങനെ:
പാര്‍ക്കിനോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലത്ത് പാട്ടയും തകരവും കൊണ്ട് ഉണ്ടാക്കിയിട്ടുള്ളതും മുന്‍കാലമായി പ്രവര്‍ത്തിക്കുന്നതുമായ ആക്രികട കൗണ്‍സിലറില്‍ നിന്നുമാണ് വാടകയ്ക്ക് എടുത്തിട്ടുള്ളത്. 6 മാസമായി കട വാടകയ്ക്ക് എടുത്തെന്നും എല്ലാ മാസവും 10-ാം തീയതിക്കകം കൗണ്‍സിലറെയാണ് വാടക ഏല്‍പ്പിക്കുന്നതെന്നും പറയുന്നു. നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് കിട്ടിയത് കൗണ്‍സിലറെ കാണിക്കുകയും വ്യാപാര ലൈസന്‍സ് എടുക്കുന്നതിനായി വാടക കരാറും കെട്ടിടത്തിന്റെ കരം അടച്ച രസീതും കെട്ടിട നമ്പറും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രേഖകളൊന്നും ഇല്ലെന്ന് അറിയിച്ച കൗണ്‍സിലര്‍ ഇവിടെ കെട്ടിടം പണിയാന്‍ പോകുകയാണെന്നും എല്ലാം ഞാന്‍ നോക്കിക്കൊള്ളാമെന്നുമാണ് പറഞ്ഞത്. കൗണ്‍സിലര്‍ രേഖകള്‍ തരുന്ന മുറയ്ക്ക് ലൈസന്‍സ് എടുക്കാന്‍ തയ്യാറാണെന്നും തോടുള്‍പ്പടെയുള്ള സ്ഥലത്തിനാണ് താന്‍ വാടക കൊടുക്കുന്നതെന്നും ഷണ്‍മുഖവേല്‍ പറയുന്നു.
അതേസമയം ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആക്രികടക്ക് 7 ദിവസത്തിനകം ലൈസന്‍സ് എടുക്കണമെന്ന് കാണിച്ച് 23-11-22ല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷണ്‍മുഖവേലിന് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ ഇതുവരേയും ലൈസന്‍സ് എടുക്കാതെ അനധികൃമായി തന്നെയാണ് ആക്രികട പ്രവര്‍ത്തിക്കുന്നത്. നഗരസഭയുടെ നിയമപരമായ അനുമതിയില്ലാതെ കെട്ടിയുണ്ടാക്കിയ ഷെഡില്‍ നിയമം ലംഘിച്ച് ഒരു കൗണ്‍സിലര്‍തന്നെ വാടക വാങ്ങി കട നടത്തിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പരാതി ഉയര്‍ന്നു. ഇതുപോലെ നഗരസഭയിലെ ചില കൗണ്‍സിലര്‍മാരുടെയും രാഷ്ട്രീയ നേതാക്കളുടേയും ഒത്താശയോടെ വഴിവിട്ട പല അനധികൃത ഇടപാടുകളും നടക്കുന്നതായും ചില കൗണ്‍സിലര്‍മാര്‍ തന്നെ പറയുന്നു.