തിരുവനന്തപുരം : ഇതര സംസ്ഥാന തൊഴിലാളികള്‍ വഴി കേരളത്തില്‍ കള്ളനോട്ടുകള്എത്തുന്നതായി സൂചന. രഹസ്യാന്വേഷണ വിഭാഗത്തിനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുമെത്തുന്ന ചില തൊഴിലാളികളാണ് ഇവ കൊണ്ടുവരുന്നതത്രേ. 15,000 രൂപയുടെ യഥാര്‍ത്ഥ നോട്ടുകള്‍ നല്കിയാല് 50,000 രൂപയുടെ വ്യാജനോട്ടുകള്‍ തിരികെ നല്‍കുന്നതാണ് കള്ളനോട്ട് സംഘത്തിന്റെ രീതിയെന്നാണ് വിവരം. നോട്ടുകള്‍ വിതരണം ചെയ്യുന്നതിനായി ബംഗാളിലെ ചില ഏജന്റുമാര്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നു. കേരളം കൂടാതെ കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഈ സംഘം പ്രവര്‍ത്തിക്കുന്നതായും നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലരുടെ പക്കലും ഈ നോട്ടുകള്‍ എത്തിയിട്ടുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം 500 രൂപയുടെ രണ്ട് നോട്ടുകളുമായി 19ആം മൈല്‍ സ്വദേശി കളരിക്കല്‍ ടെനിയെ (25) മണിമല പോലീസ് പിടികൂടിയിരുന്നു. വാഴൂരിലെ ഒരു പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചശേഷം ഈ നോട്ട് നല്‍കുകയായിരുന്നു. ശേഷം ചില്ലറയാക്കാന്‍ ഒരു 500ന്റെ വ്യാജനെ കൂടി നല്കി. സംശയം തോന്നിയ പമ്പ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് വ്യാജനോട്ടുകളാണെന്ന് കണ്ടെത്തിയതും ടെനി പിടിയിലായതും. ഇയാള്‍ക്ക് നോട്ടുകള്‍ നല്കിയ ആളെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
500, 2000 രൂപയുടെ നോട്ടുകളാണ് വ്യാജമായി നിര്‍മ്മിച്ചിരിക്കുന്നത്. ബംഗ്ലാദേശില്‍ അടിച്ചതാവാം നോട്ടുകളെന്ന് സംശയംമുള്ളതിനാല് ആ വഴിക്ക് അന്വേഷണമുണ്ടാകും. ബംഗ്ലാദേശില്‍ നിന്ന് ബംഗാളില്‍ എത്തിച്ച് ജോലിക്കായി പോവുന്ന തൊഴിലാളികളുടെ പക്കല്‍ ഏല്പിക്കുന്നതാവാനും സാധ്യതയുണ്ട്.