കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിവസമായ മേയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍. ആഹ്‌ളാദ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ ആളുകള്‍ ഒത്തുകൂടുമെന്നും ഇത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നുമാണ് ഹര്‍ജികളില്‍ പറയുന്നത്.
ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും.വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ആഘോഷങ്ങള്‍ ഒഴിവാക്കാനും അണികളെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിയന്ത്രിക്കാനും ഇന്നലത്തെ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു.
അതേസമയം രോഗവ്യാപനം തടയുന്നതിനായി ഇന്നുമുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ബാറുകള്‍, വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍, സിനിമ തിയേറ്റര്‍, ഷോപ്പിംഗ് മാള്‍, ജിംനേഷ്യം എന്നിവ ഇന്നുമുതല്‍ പ്രവര്‍ത്തിക്കില്ല. വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാത്രമെ പങ്കെടുക്കാവൂ. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇവര്‍ നിലവിലുള്ളയിടങ്ങളില്‍ തുടരണം.