തിരുവനന്തപുരം : തെരുവുനായ ആക്രമണം തുടർക്കഥയാകുമ്പോഴും സർക്കാർ നിസ്സംഗരായി നില്‍ക്കുന്നു. തെരുവ് നായ്ക്കള്‍ പെറ്റ് പെരുകി. നായ്ക്കളുടെ കടിയേറ്റ് അപകടം പതിവായി. കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ നിരവധി പേരാണ് അപകടത്തില്‍പ്പെടുന്നത്. കാൽനടയാത്രക്കാരെ കടിച്ചും ഇരുചക്രവാഹന യാത്രികരെ അപകത്തില്‍പ്പെടുത്തിയും നായകൾ വഴികളിൽ വാഴുന്നു.
കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ നായ കടിയേൽക്കുന്നു. പേവിഷ വാക്സിൻ കുത്തിവയ്ക്കുന്നവർക്കും അതിന്‍റെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്കയുണ്ട്. കൊവിഡിനു ശേഷം ജനങ്ങൾ നേരിടുന്ന വലിയ വെല്ലുവിളിയാണ് തെരുവ് നായ ശല്യം. ഇതിൽ പേപ്പട്ടികളുടെ എണ്ണവും പെരുകി വരുന്നു. ആറ് വർഷത്തിനിടെ നാൽപ്പത്തിനാല് പേർ തെരുവ്നായകളുടെ കടിയേറ്റു മരിച്ചിട്ടുണ്ട്.
ഈ വർഷം മാത്രം ഇരുപത് മരണം ഉണ്ടായെന്നത് സ്ഥിതി ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ്. നായകൾ പിന്തുടരുകയും കുറുക്കുചാടുകയും ചെയ്തതിനെ തുടർന്നുണ്ടായ വാഹനാപകടങ്ങളും മരണങ്ങളും വേറെയുമുണ്ട്. തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിച്ച ശേഷം പിടിച്ച സ്ഥലത്തു തന്നെ കൊണ്ടു വിടുന്ന എ.ബി.സി പദ്ധതി കൊട്ടും കുരവയുമായി ആരംഭിച്ചെങ്കിലും തെരുവു നായ്ക്കളുടെ എണ്ണം ഇരട്ടിയിലേറെ വർദ്ധിക്കുകയായിരുന്നു.
കുടുംബശ്രീക്കായിരുന്നു എ.ബി.സി ചുമതല. അവർ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നതിനിടയിൽ പട്ടികളെ പിടിച്ചു വന്ധീകരിക്കാനുള്ള യോഗ്യത കുടുംബശ്രീക്ക് ഇല്ലെന്ന് കാണിച്ച് ചില സംഘടനകൾ കോടതിയിൽ പോയി. കുടുംബശ്രീക്ക് പകരം ആനിമൽ വെൽഫയർ ബോർഡിന്‍റെ അംഗീകാരമുള്ള സംഘടനകളെ ഉപയോഗിച്ച് വന്ധ്യംകരണ പരിപാടി നടത്താനായിരുന്നു കോടതിയുടെ ഉത്തരവ്. അതോടെ പദ്ധതിയും നിലച്ചു. തെരുവുനായ്ക്കളും പെറ്റു പെരുകി.
ഇടതടവില്ലാതെ മൂന്ന് വര്‍ഷം കൃത്യമായി പദ്ധതി നടപ്പിലാക്കിയാല്‍ മൃഗങ്ങളുടെ പെറ്റുപെരുകല്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതേയുള്ളൂ എന്ന് സറാ പദ്ധതിയിലൂടെ സിക്കിം തെളിയിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ പേവിഷ വിമുക്ത സംസ്ഥാനമാണു സിക്കിം. ഈ മാതൃകയില്‍ നടപടി സ്വീകരിക്കാതെ തടിതപ്പുകയാണ് ഭരണകൂടം. തെരുവ് നായ ശല്യം വർദ്ധിക്കാനുള്ള പ്രധാന കാരണം ഭക്ഷണമാണ്. വഴിയോരങ്ങളിലും കനാലുകളിലും ഭക്ഷണ മാലിന്യം തള്ളുന്നത് തേടിയാണ് തെരുവ് നായകൾ എത്തുന്നത്.
ഭക്ഷണത്തിന്‍റെ അളവ് കൂടുമ്പോൾ ഇവയുടെ പ്രത്യുൽപാദനശേഷിയും വർദ്ധിക്കുകയാണ്. പാകം ചെയ്ത ആഹാരമാണ് നായകൾ ഭക്ഷിക്കുന്നത്. ഓരോ പഞ്ചായത്തും തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ പ്രത്യേക ഷെല്‍ട്ടര്‍ നിര്‍മ്മിക്കണം. അവിടെ അവയെ പാര്‍പ്പിക്കണം. ഭക്ഷ്യ അവശിഷ്ടങ്ങള്‍ ശേഖരിച്ച് അവയ്ക്ക് നല്‍കാനും ചികിത്സ ഒരുക്കാനും തയ്യാറാകണം. പഞ്ചായത്തുകള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോഈ ദൗത്യം ഏറ്റെടുക്കാവുന്നതാണ്. ആടിനെയും പശുവിനെയും എന്തിന് മുയലിനെയും കോഴിയെയും കൊല്ലാം.
പോരാഞ്ഞ് കൊന്നു തിന്നുകയും ആകാം. എന്നാല്‍ തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് വാദിക്കുന്നവര്‍ അവയെ വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തണം. പട്ടികളെ കൊല്ലാൻ നായ പ്രേമി സംഘം സമ്മതിക്കില്ല. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ച് സാധാരണക്കാരെ പട്ടികൾക്കു മുന്നിൽ എറിഞ്ഞ് കാറിൽ പായുന്ന പട്ടി പ്രേമികളെ കാറിൽ നിന്ന് പിടിച്ചിറക്കി പേപ്പട്ടിയെക്കൊണ്ട് കടിപ്പിക്കണമെന്ന് വരെ രോഷത്തോടെ പറയുകയാണ് ആളുകളിപ്പോള്‍.
തെരുവുനായകൾ കാരണം ജനങ്ങൾ ഒട്ടേറെ ദുരിതം അനുഭവിക്കുന്നു. ഇത്രയും ആയിട്ടും നായകള്‍ക്ക് വേണ്ടി ഘോരം ഘോരം പ്രസംഗിക്കുന്നവര്‍ ആന്‍റി റാബിസ് വാക്സിന്‍ ലോബികളാണോ എന്ന് സംശയം ബലപ്പെടുകയാണ്. പട്ടിയെ മാത്രം കൊല്ലാൻ പാടില്ല. ആന്റി റാബിസ് വാക്‌സിൻ കമ്പനികൾ ഫണ്ടിംഗ് നടത്തുന്നിനാലാണ് തെരുവുനായകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇവർ രംഗത്തെത്തുന്നത്. ഏറ്റവും അധികം വിപണി മൂല്യം ഉള്ളവയാണ് ആന്റി റാബിസ് വാക്‌സിനുകൾ. അതിനാൽ തന്നെ ആന്റി റാബിസ് വാക്‌സിൻ ലോബികളാണ് ഇത്തരക്കാർക്ക് ഫണ്ടിംഗ് ചെയ്യുന്നതെന്നും ഉള്ള ആരോപണങ്ങള്‍ ശക്തമാവുകയാണ്.
ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് അഭിമാനിച്ചിരുന്ന കേരള നാട് ഇന്ന് തെരുവ് നായ്ക്കളുടെ നാട് എന്ന് മാറിയിരിക്കുകയാണ്. മൃഗസംരക്ഷണ വകുപ്പ് നടത്തിയ സെൻസസ് കണക്ക് പ്രകാരം രണ്ടര ലക്ഷത്തിലധികം ആണ് കേരളത്തിലെ തെരുവ് നായ്ക്കളുടെ എണ്ണം.