കൊല്‍ക്കൊത്ത: ഐഫോണ്‍ വാങ്ങാനായി ദമ്പതികള്‍ തങ്ങളുടെ എട്ടു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുണ്ടാക്കാനായിട്ടാണ് ദമ്പതികള്‍ ഐഫോണ്‍ വാങ്ങാന്‍ പദ്ധതിയിട്ടത്. എന്നാല്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞിനെ തന്നെ വില്‍ക്കുകയായിരുന്നു. കുഞ്ഞിനെ പോലീസ് രക്ഷപെടുത്തി. കുട്ടിയുടെ മാതാവ് സതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന പിതാവ് ജയദേവിനെ പിന്നീട് അറസ്റ്റ് ചെയ്തു.
പശ്ചിമബംഗാളിലെ വിവിധ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് റീല്‍സാക്കി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാനായിരുന്നു ദമ്പതികള്‍ തീരുമാനിച്ചിരുന്നത്. വീഡിയോ ചിത്രീകരിക്കുന്നതിനായി ഐഫോണ്‍ വാങ്ങുകയായിരുന്നു ലക്ഷ്യം. പാനിഹാത്തി ഗാന്ധിനഗര്‍ പ്രദേശത്താണ് ദമ്പതികള്‍ താമസിക്കുന്നത്. കുഞ്ഞിനെ കാണാതായപ്പോഴുള്ള സതിയുടെയും ജയ്‌ദേവിന്റെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ വിറ്റതായി വെളിപ്പെടുത്തിയത്. കുറ്റസമ്മതത്തെ തുടര്‍ന്ന് ഖര്‍ദ പ്രദേശത്തെ ഒരു സ്ത്രീയില്‍ നിന്ന് പോലീസ് കുഞ്ഞിനെ രക്ഷപെടുത്തി.