പാമ്പാക്കുട: അഞ്ചല്‍പെട്ടിയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ ജീവനക്കാരിയും ഭര്‍ത്താവും അറസ്റ്റില്‍. മണ്ണത്തൂര്‍ കുഴിക്കാട്ടുവീട്ടില്‍ അഞ്ജലി (26), ഭര്‍ത്താവ് ശരത്ത് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. സ്ഥാപനത്തിലെ ഒന്നേകാല്‍ കിലോയോളം സ്വര്‍ണം പണയപ്പെടുത്തി 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. മീമ്പാറ സ്വദേശിയുടെയാണ് സ്ഥാപനം. സ്വര്‍ണപ്പണയത്തില്‍ പണം വായ്പ നല്‍കുന്ന സ്ഥാപനത്തിന്റെ പൂര്‍ണ ചുമതല അഞ്ജലിക്കായിരുന്നു.
ഇടപാടുകാര്‍ സ്ഥാപനത്തില്‍ പണയംവെച്ച സ്വര്‍ണം പാമ്പാക്കുട, മണ്ണത്തൂര്‍ എന്നിവിടങ്ങളില്‍ കൂടിയ തുകക്ക് വീണ്ടും പണയംവെച്ചാണ് ഇരുവരും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. പണയം എടുക്കുന്നതിന് ഇടപാടുകാര്‍ വരുമ്പോള്‍ ഭര്‍ത്താവ് ശരത്തിനെ വിളിച്ചുവരുത്തി സ്വര്‍ണം എടുപ്പിച്ച് നല്‍കുകയായിരുന്നു രീതി. സ്ഥാപനത്തിലെ തന്നെ സ്വര്‍ണം വീണ്ടും പണയം വെച്ചാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്. ഉടമസ്ഥന്‍ നടത്തിയ വാര്‍ഷിക പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിന് പരാതി നല്‍കുകയായിരുന്നു. തെളിവെടുപ്പ് നടന്നുവരുന്നതായി പിറവം പോലീസ് പറഞ്ഞു.