അടൂര്‍ : ദമ്പതിമാരെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. എറണാകുളം മണകുന്നം പൂത്തോട്ട ആലുങ്കല്‍ വീട്ടില്‍ രാജ്കുമാര്‍ (38), കൊടുമണ്‍ ഐക്കാട് കരുവിലാക്കോട് സിന്ധുഭവനില്‍ സുനില്‍ (38), തിരുവനന്തപുരം ആര്യനാട് കോട്ടയ്ക്കകം, പറന്തോട്ട വീട്ടില്‍ മുഹമ്മദ് ഷാഫി (37) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കടമ്പനാട് കാലായിക്ക് കിഴക്ക് അഫ്സല്‍ മന്‍സിലില്‍ അഫ്സല്‍ (30) ഭാര്യ സൗമ്യ എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ പോയശേഷം ഭക്ഷണം കഴിക്കാന്‍ അടൂരില്‍ എത്തിയതായിരുന്നു ദമ്പതിമാര്‍. അഫ്സല്‍ പുറത്തിറങ്ങിയപ്പോള്‍ കാറിലിരുന്ന സൗമ്യയോട് മൂവരും അശ്ലീലച്ചുവയോടെ സംസാരിച്ചു. അഫ്സല്‍ തിരികെ കാറില്‍ കയറാന്‍ വന്നപ്പോള്‍ ഭാര്യ വിവരം പറഞ്ഞു. അഫ്സല്‍ പ്രതികളോട് സ്ത്രീകളോട് ഇങ്ങനെയുള്ള പെരുമാറ്റം ശരിയല്ലെന്ന് പറഞ്ഞു. അവിടെ തട്ടുകടയ്ക്കുസമീപം എത്തിയപ്പോള്‍ ഇരുചക്രവാഹനത്തില്‍ പിന്‍തുടര്‍ന്നെത്തിയ സംഘം കാര്‍ തടഞ്ഞ് അഫ്സലിനെയും ഭാര്യ സൗമ്യയെയും മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.