എറണാകുളം: മലപ്പുറം ചങ്കരം കുളങ്ങര സ്വദേശിനിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതി പട്ടാമ്പി സ്വദേശി മുണ്ടുപാലത്ത് ഫൈസൽ എന്ന് വിളിക്കുന്ന ഫാസിൽ റഹ്മാനെ എറണാകുളം പോക്സോ കോടതി വെറുതെ വിട്ടു. പ്രതിക്ക് വേണ്ടി ഹാജരായത് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജോണി ജോർജ് പാംപ്ലാനിയാണ്. കാലടി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. നഗ്‌ന ദൃശ്യങ്ങൾ വീട്ടുകാർക്കും നാട്ടുകാർക്കും സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ച് നാണം കെടുത്തും എന്ന് ഭീഷണിപ്പെടുത്തി അങ്കമാലി, തൃശ്ശൂർ, ഗുരുവായൂർ എന്നീ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി പല ഹോട്ടലുകളിലും ലോഡ്ജികളിലും കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ചു എന്നാണ് കേസ്.
ശല്യം സഹിക്കവയ്യാതെ വന്നപ്പോഴാണ് അതിജീവിത കാലടി പോലീസിൽ പരാതി നൽകിയത്. ഏകദേശം മൂന്ന് വർഷത്തോളം നിരന്തരമായി ഇദ്ദേഹം ഉപദ്രവിച്ചെന്നും പുറത്ത് മിണ്ടിയാൽ കൊന്നുകളയും എന്ന് ഭീഷണി മുഴക്കി എന്നും പരാതിയിൽ പറയുന്നു. കൃത്യമായി കാര്യങ്ങൾ അന്വേഷിച്ചു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം പഴുതടച്ച കുറ്റപത്രം ആണ് കോടതിയിൽ ഹാജരാക്കിയത്. കേസിന്റെ വിസ്താര വേളയിൽ പ്രതിഭാഗത്തിന്റെ പല ചോദ്യങ്ങൾക്കും മറുപടി പറയാൻ സാക്ഷികൾക്ക് സാധിച്ചില്ല. ശക്തമായ വാദമുഖങ്ങളാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. കാര്യങ്ങൾ ബോധ്യപ്പെട്ട കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു.