തൃശൂർ : 4500 രൂപയുടെ ഹെഡ്സെറ്റിന് തകരാർ, 19500 രൂപ നൽകുവാൻ തൃശ്ശൂര്‍ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവ്. ഹെഡ്സെറ്റിന്റെ തകരാര്‍ ആരോപിച്ച് തൃശൂർ പറപ്പൂക്കരയിലുള്ള കള്ളിക്കടവിൽ വീട്ടിൽ സജിത്ത് കെ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് വിധി. ചാലക്കുടിയിലുള്ള എസ്.എം.എസ് ഡിജിറ്റൽ ഷോപ്പ് ഉടമ, ബാംഗ്ലൂരിലെ ഹാർമൻ ഇന്റർനാഷണൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവരാണ് അതിര്‍ കക്ഷികള്‍. ഹർജിക്കാരൻ 4500 രൂപ നൽകിയാണ് ഹെഡ്സെറ്റ് വാങ്ങിയത്. ഹെഡ്സെറ്റിന്റെ വയർ വിട്ടുപോകുന്ന തകരാർ ആയിരുന്നു ഉണ്ടായത്. പരാതിപ്പെട്ടപ്പോൾ ഉല്പന്നം മാറ്റിത്തന്നുവെങ്കിലും തകരാർ ആവർത്തിക്കപ്പെടുകയായിരുന്നു.
തുടർന്ന് ബന്ധപ്പെട്ടപ്പോൾ യാതൊന്നും ചെയ്യുവാൻ നിർവ്വാഹമില്ല എന്ന മറുപടിയാണ് ലഭിച്ചതു്. ഇതിനെ തുടർന്ന് കടയുടമക്കെതിരെയും നിർമ്മാതാവായ ഹാർമൻ കമ്പനിക്കെതിരെയും സജിത്ത് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ഹെഡ്സെറ്റിന്റെ വിലയായ 4500 രൂപയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.