തിരുവനന്തപുരം : സംസ്ഥാനത്തു ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും കോവിഡ് ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമ്പോള്‍ ജയം നേടുന്നത് ഹോമിയോ ഡോക്ടര്‍മാരുടെ നിരന്തര പോരാട്ടം. കോവിഡിനെ ചെറുക്കാനുള്ള പ്രതിരോധ മരുന്ന് അടക്കം നല്‍കി വ്യാപനം തടയാന്‍ മുന്നില്‍ നിന്നിട്ടും കേരളം ഹോമിയോ ശാഖയുടെ കരത്ത് ഉപയോഗിച്ചില്ല. ഇതിനാണ് മാറ്റം വരുത്തുന്നത്.
കേന്ദ്ര ആയുഷ് വകുപ്പും സുപ്രീം കോടതിയും കോവിഡിന് ഹോമിയോ ചികിത്സ നടത്താമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല ഉത്തരവിറക്കാതിരുന്നതോടെ ഹോമിയോ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. 28 ദിവസത്തിനകം ഉത്തരവ് വേണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ഇതാണ് കേരളം അംഗീകരിക്കുന്നത്. ഹോമിയോ ആശുപത്രികളില്‍ പോലും കോവിഡ് കാലത്ത് അലോപ്പതി ചികില്‍സയാണ് സര്‍ക്കാര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. മിക്ക ആശുപത്രികളിലും കോവിഡ് അതിരൂക്ഷ വ്യാപന കാലത്ത് കോവിഡ് ആശുപത്രികള്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇതില്‍ അടക്കം ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ അതൊന്നും സര്‍ക്കാര്‍ കണ്ടതും കേട്ടതുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോടതിയിലേക്ക് ഇടപെടലുകള്‍ എത്തിയത്. ഹോമിയോ ചികിത്സയ്ക്ക് 20 മരുന്നുകള്‍ ആയുഷ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹോമിയോ ആശുപത്രികള്‍ വഴി ഇതുവരെ കോവിഡ് പ്രതിരോധ മരുന്നു മാത്രമേ നല്‍കിയിരുന്നുള്ളൂ. ഇനി സര്‍ക്കാര്‍ മേഖലയിലെ 34 ഹോമിയോ ആശുപത്രികളിലും 1070 ഡിസ്‌പെന്‍സറികളിലും ചികിത്സ നടത്താം. സ്വകാര്യ ഹോമിയോ ആശുപത്രികള്‍ക്കും കോവിഡ് ചികിത്സ നടത്തുന്നതിനു തടസ്സമില്ല.
ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹോമിയോ ഡയറക്ടറാണ് ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അനുമതി. കോവിഡ് മൂന്നാം തരംഗം വരാനുള്ള സാധ്യതയ്ക്കിടെയാണ് പുതിയ തീരുമാനം. ഇതിന് മുമ്പുതന്നെ ഇത് പുറപ്പെടുവിക്കാമായിരുന്നു. എന്നാല്‍ മറ്റ് ചിലരുടെ സമ്മര്‍ദ്ദം കാരണം തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ആയുഷ് മന്ത്രാലയത്തിന്റെ വിശദ മാര്‍ഗ്ഗ രേഖയും ഇതിനൊപ്പം ഉണ്ട്.
കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് അലോപ്പതി, ആയൂര്‍വേദം ഹോമിയോ ഉള്‍പ്പെടുള്ള പ്രതിരോധ സംവിധാനങ്ങള്‍ പരീക്ഷിക്കാമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവ് ഇറക്കുമ്ബോഴും ഹോമിയോ മരുന്നിനോട് അയിത്തം നടിച്ച് കേരള സര്‍ക്കര്‍ നിലയുറപ്പിച്ചിരുന്നു. ഹോമിയോ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ സമീപിക്കാന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചിരുന്നില്ല ഹോമിയോ പ്രതിരോധം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ട് പോലും ഈ മരുന്നിന്റ കൂടുതല്‍ ഉല്‍പാദനത്തിനുള് അനുമതിയും സര്‍ക്കാര്‍ തേടിയിരുന്നില്ല.
കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ഇന്ത്യയിലെ ആകെ കോവിഡ് വ്യാപനത്തിന്റെ പകുതിയില്‍ ഏറെയും കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. കോവിഡ് മരണ നിരക്കും ഉയര്‍ന്നു തന്നെ നിലനില്ക്കുന്നു. നേരത്തെ ഗുരുതരമല്ലാത്ത കോവിഡ് രോഗികള്‍ക്കു ഹോമിയോപ്പതി ചികിത്സ നല്‍കാമെന്ന് കേന്ദ്രം നിര്‍ദ്ദേശിക്കുകയും കോടതി ഉത്തരവുകള്‍ വരികയും ചെയ്തെങ്കിലും കേരളത്തില്‍ മാത്രം അനുമതി നല്‍കിയിരുന്നില്ല. മറ്റു പല സംസ്ഥാനങ്ങളും കേന്ദ്രനിര്‍ദ്ദേശം അനുസരിച്ച് ഹോമിയോ ചികിത്സ കൂടി നടത്തുന്നുണ്ട്.
എന്നാല്‍ ഏറ്റവുമധികം കോവിഡ് രോഗികള്‍ ഉള്ള കേരളത്തില്‍ ഇതിന് അനുമതി നല്‍കാത്തതില്‍ വൈരുധ്യം ഉണ്ടെന്നു ഹോമിയോ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ഹോമിയോ ഡോക്ടര്‍മാര്‍ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ജസ്റ്റിസ് ഷാജി പി ചാലി ഉത്തരവ് പുറപ്പെടുവിച്ചത്. ക്വാറന്റൈനില്‍ ഉള്ളവരേയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും ചികിത്സിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് ഹോമിയോ ഡോക്ടര്‍മാരുടെ സംഘടന നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഹോമിയോ ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തുന്നത് നീതിനിഷേധമാണെന്നാണ് ഇവരുടെ പരാതി. കോവിഡ് തീവ്രവ്യാപനം സംസ്ഥാനത്ത് ശക്തമാകുമ്ബോള്‍ സന്നദ്ധരായ ഹോമിയോ ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തുന്നതായാണ് ഇവരുടെ പരാതി. 2020 ഡിസംബറില്‍ പ്രതിരോധത്തിനും, ഗുരുതരമല്ലാത്ത അവസ്ഥയിലുള്ള കോവിഡ് രോഗികളെയും ചികിത്സിക്കാന്‍ ഹോമിയോ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന് ആയുഷ് വകുപ്പിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.
എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും ഹോമിയോ ഡിസ്പെന്‍സറികളുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി പതിനായിരത്തോളം ഹോമിയോ ഡോക്ടര്‍മാരും. എന്നാല്‍, ഇവിടങ്ങളില്‍ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരിക്കുകയായിരുന്നു. രോഗമില്ലാത്തവര്‍ സ്ഥിരമായി ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചാല്‍ രോഗവ്യാപനം കുറയ്ക്കാം. ഒരിക്കല്‍ കോവിഡ് വന്നവര്‍ക്ക് വീണ്ടും വരാതിരിക്കാനും ഇതുപയോഗിക്കാം. കൊവിഡിന്റെ രണ്ടാംഘട്ടം രൂക്ഷമായ സര്‍ക്കാറിന് ഹോമിയോ ചികിത്സയും പരീക്ഷിക്കാന്‍ സാധിക്കുമായിരുന്നു.

എല്ലാതലത്തിലും ഹോമിയോപ്പതി ചികിത്സ ഉറപ്പാക്കാന്‍ തമിഴ്‌നാട് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ രണ്ട് ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകള്‍ അലോപ്പതി സി.എഫ്.എല്‍.ടി.സികളായാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന്റെ ഡിസ്‌പെന്‍സറികളിലെ ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍മാര്‍ അലോപ്പതി സി.എഫ്.എല്‍.ടി.സികളിലും ജോലി ചെയ്യുന്നു. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങളും ഡോക്ടര്‍മാരുടെ സേവനവും ഹോമിയോ ചികിത്സയ്ക്കായി തന്നെ പ്രയോജനപ്പെടുത്തണമെന്ന ആവശ്യമാണ് ഹോമിയോ ഡോക്ടര്‍മാര്‍ ശക്തമായി ഉന്നയിച്ചത്. ഇനി ഇതാണ് നടക്കാന്‍ പോകുന്നതും.