പ്രയാഗ്‌രാജ്: വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനോ ഉള്ള പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തില്‍ ആര്‍ക്കും ഇടപെടാനാകില്ലെന്ന് വിധിച്ച് അലഹബാദ് ഹൈക്കോടതി. മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകില്ല എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുരേന്ദ്ര സിങ്ങിന്റെ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ലിവ് ഇന്‍ പങ്കാളികളായ യുവതീ യുവാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. ഇരുവരുടെയും സമാധാനപരമായ ജീവിതത്തിനു എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ പോലീസിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉടനടി സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മുസ്‌ലിം യുവതിയും ലിവ് ഇന്‍ പങ്കാളിയായ ഹിന്ദു യുവാവുമാണ് കോടതിയെ സമീപിച്ചത്.
യുവതിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ഉപദ്രവിക്കുന്നു എന്നായിരുന്നു പരാതി. ഹര്‍ജിക്കാരുടെ സമാധാനപരമായ ജീവിതം തടസ്സപ്പെടുത്തി കുടുംബം നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന് ഹര്‍ജിയില്‍ ആരോപിച്ചു. ഓഗസ്റ്റ് നാലിന് ഗൗതം ബുദ്ധ നഗര്‍ പൊലീസ് കമ്മീഷണറോട് യുവതി സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് യുവതീ യുവാക്കള്‍ കോടതിയെ സമീപിച്ചത്. തങ്ങളുടെ ജീവിതത്തില്‍ ഇടപെടുന്നതില്‍ നിന്ന് കുടുംബത്തെ തടയണമെന്ന ആവശ്യവുമായാണ് ഇരുവരും കോടതിയെ സമീപിച്ചത്.