ന്യൂഡല്‍ഹി: യമുനാ നദിയില്‍ ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുന്നു എന്ന പരാമര്‍ശത്തില്‍ എഎപി നേതാവ് അരവിന്ദ് കെജരിവാളിന് സമന്‍സ്. അരവിന്ദ് കെജരിവാളിനെതിരായ പരാതിയില്‍ ഫെബ്രുവരി 17ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് ഹരിയാനയിലെ സോനിപത് കോടതിയാണ് നടപടി സ്വീകരിച്ചത്. ‘ഈ വിഷയത്തില്‍ എന്തെങ്കിലും പറയേണ്ടതുണ്ടെങ്കില്‍ അടുത്ത വാദം കേള്‍ക്കല്‍ തീയതിയില്‍ നേരിട്ട് ഹാജരാകാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടുത്ത വാദം കേള്‍ക്കല്‍ തീയതിയില്‍ അദ്ദേഹം ഈ കോടതിയില്‍ ഹാജരായില്ലെങ്കില്‍, വിഷയത്തില്‍ അദ്ദേഹത്തിന് ഒന്നും പറയാനില്ലെന്ന് കണക്കാക്കുകയും നിയമപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും,’ -കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഹരിയാനയിലെ റായ് വാട്ടര്‍ സര്‍വീസസ് ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് കെജരിവാളിനെതിരെ പരാതി നല്‍കിയത്.
കെജരിവാളിന്റെ പരാമര്‍ശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസ് കൊടുക്കുമെന്ന് ഹരിയാന റവന്യൂ, ദുരന്തനിവാരണ മന്ത്രി വിപുല്‍ ഗോയല്‍ നേരത്തെ പറഞ്ഞിരുന്നു. ‘ഡല്‍ഹിയിലെയും ഹരിയാനയിലെയും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനയാണ് കെജരിവാള്‍ നടത്തിയത്. ഹരിയാന സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം സോനിപത് സിജെഎം കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്നു,’- വിപുല്‍ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.