ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിമാസം ഏകദേശം 7 മുതല്‍ 10 കോടി ഡോസ് കോവിഷീല്‍ഡ് പ്രതിരോധ വാക്‌സിന്‍ ഡോസുകളും ഒരു വർഷത്തിൽ 15 കോടി കോവാക്സിൻ ഡോസുകളും ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി വ്യക്തമാക്കി. പാര്‍ലമെന്ററി സമിതിക്ക് നല്‍കിയ മറുപടിയിലാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി ഇക്കാര്യം വ്യക്തമാക്കിയത്. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതിനാണ് പാര്‍ലമെന്ററി സമിതി ഇക്കാര്യങ്ങള്‍ ആരാഞ്ഞത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് എപ്പോള്‍ ഈ വാക്‌സിനുകള്‍ പൂര്‍ണമായി ലഭ്യമാക്കാന്‍ കഴിയുമെന്നും പാര്‍ലമെന്ററി സമിതി അന്വേഷിച്ചിരുന്നു.
ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായാണ് കോവാക്‌സിന്‍ നിര്‍മിക്കുന്നത്. കോവിഷീല്‍ഡ് വാക്‌സിന്റെ ഇന്ത്യയിലെ നിര്‍മ്മാതാക്കള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. നിലവില്‍ വിദേശ മരുന്നുകള്‍ മാത്രം ആശ്രയിക്കേണ്ട അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ രാജ്യത്ത് നിര്‍മിക്കാനായി കൂടുതല്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തണമെന്ന് പാര്‍ലമെന്ററി സമിതി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയോട് ആവശ്യപ്പെട്ടു. ഇത്തരം വിദേശ മരുന്നുകള്‍ക്കായി രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ വളരെ വലിയ പണമാണ് ചെലവഴിക്കേണ്ടി വരുന്നതെന്നും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വിഷയങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടി.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ കോവാക്‌സിന്‍ കുത്തിവെപ്പുകള്‍ എടുത്തിരുന്നു. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ എടുത്തത്. രാജ്യത്ത് മൂന്നാംഘട്ട ട്രയലുകള്‍ നടക്കുന്നതിനിടെ കോവാക്‌സിന്‍ 81 ശതമാനം ഫലപ്രാപ്തി ലഭിക്കുന്നതായി ഭാരത് ബയോടെക് തലവന്‍ ഡോ കൃഷ്ണ എല്ല വ്യക്തമാക്കിയിരുന്നു.