തിരുവനന്തപുരം: സംസ്ഥാനത്ത് പരിശോധന നടത്തുന്നവരില്‍ 15 ല്‍ ഒരാള്‍ക്ക് കൊവിഡ് കണ്ടെത്തുന്നുവെന്ന് കണക്കുകള്‍. അവധി ദിവസങ്ങളുടെ ആലസ്യത്തില്‍ പരിശോധനകളുടെ എണ്ണം കുത്തനെ കുറഞ്ഞു. സംസ്ഥാനത്ത് ഔദ്യോഗിക മരണസംഖ്യ മുന്നൂറ് കടന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ക്രൈസിസ് മാനേജ്‍മെന്‍റ് ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ട് മൂന്നാഴ്ചയായി.
കോവിഡ് വ്യാപനത്തിന്റെ നിര്‍ണായക ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ് സംസ്ഥാനം. 2 ശതമാനത്തില്‍ നിന്ന് പോസിറ്റിവിറ്റി റേറ്റ് 7 ശതമാനം വരെ ഉയര്‍ന്നു. ജൂണില്‍ പരിശോധന നടത്തുന്ന 42ല്‍ ഒരാള്‍ക്കും ജൂലൈയില്‍ 20ല്‍ ഒരാള്‍ക്കും എന്ന കണക്കിലായിരുന്നു കോവിഡ് കണ്ടെത്തിയിരുന്നത്. ഇന്നലത്തെ കണക്കനുസരിച്ച് 15 ല്‍ ഒരാള്‍ പോസിറ്റീവ് എന്നു കണ്ടെത്തിയിട്ടുണ്ട്. 28 ന് പരിശോധനകളുടെ എണ്ണം 41000 കടന്നപ്പോള്‍ 2543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് പരിശോധനകളുടെ എണ്ണം ദിവസവും കുറഞ്ഞ് ചൊവ്വാഴ്ച പതിനാലായിരമായി താഴ്ന്നു. ഇന്നലെ ഇരുപത്തിമൂവായിരമായി ഉയര്‍ന്നിട്ടുണ്ട്. പരിശോധനകള്‍ കുറവെങ്കിലും രോഗബാധിതരുടെ എണ്ണം ആയിരത്തിനു മുകളില്‍ തുടരുന്നു.
55% മരണങ്ങള്‍ മാത്രമേ കണക്കില്‍ ഉള്‍പ്പെടുത്തുന്നുള്ളുവെന്ന് ആരോഗ്യ വിദഗ്ധര്‍. കൂടുതല്‍ പരിശോധന നടത്തിയാലേ യഥാര്‍ഥ അവസ്ഥ തിരിച്ചറിയാനാകൂ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം പകുതിയോടെ രോഗബാധ മൂര്‍ധന്യത്തിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഓണത്തിരക്കിനോട് അനുബന്ധിച്ച് രൂപപ്പെടാനിടയുള്ള പുതിയ ക്ലസ്റ്ററുകള്‍ നിയന്ത്രിക്കാനായാല്‍ മാസാവസാനത്തോടെ രോഗബാധാ നിരക്ക് കുറഞ്ഞു തുടങ്ങുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം.