കൊച്ചി: ഇറ്റലിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ 42പേര്‍ ആലുവ ആശുപത്രിയില്‍ നിരീക്ഷണത്തില്‍. കൊവിഡ്19 വൈറസ് ബാധ ലോകരാജ്യങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഇറ്റലിയിൽ നിന്ന് 42 മലയാളികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇറ്റലിയിൽനിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനിൽ വയ്ക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതിനിടെ സംസ്ഥാനത്ത് ഇറ്റലിയിൽ നിന്നെത്തി കോവിഡ് ബാധ സ്ഥിരീകരിച്ചവരെത്തിയ പുനലൂരിലെ ബന്ധു വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും അവരുടെ അയൽവാസികളായ രണ്ട് പേർക്കും വൈറസ് ബാധ ഇല്ലെന്നു കണ്ടെത്തി. ഇവരെ ആശുപത്രി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കുമെങ്കിലും 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ ആക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇറ്റലിയിൽ നിന്നും കഴിഞ്ഞ ദിവസമെത്തിയ 3 വയസുകാരനും മാതാപിതാക്കൾക്കും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കി. ഇവർ സഞ്ചരിച്ച എമിറേറ്റ്സ് 530 വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും വീടുകളിൽ ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഇപ്പോൾ. രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടണമെന്ന മുന്നറിയിപ്പ് വീണ്ടും നൽകിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 99 പേർ എറണാകുളം ജില്ലക്കാരാണ്. കളമശേരി മെഡിക്കൽ കോളേജിൽ നിലവിൽ 17 പേരാണ് ഐസൊലേഷൻ വാർഡിൽ ഉള്ളത്.