കേപ്പ്ടൗണ്‍ : യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലും എന്ന പോലെ കൊവിഡ് ആഫ്രിക്കയിലും വിപത്തുകള്‍ ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി അവസാനമാണ് ആഫ്രിക്കയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ പത്തു ദിവസം കൊണ്ട് ആഫ്രിക്കയിലെ 54 രാജ്യങ്ങളിലുമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30,000 ആയി വര്‍ധിച്ചു. 1374 പേര്‍ രോഗം ബാധിച്ച് മരണമടയുകയും ചെയ്തു. അതായത് 10 ദിവസത്തിനുള്ളില്‍ ആഫ്രിക്കയില്‍ രോഗം ബാധിച്ചവരുടെയും മരണമടഞ്ഞവരുടേയും എണ്ണം 40 ശതമാനം കൂടി.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അടുത്ത ആറ് മാസം കൊണ്ട് 10 ദശലക്ഷം പേർക്കെങ്കിലും ആഫ്രിക്കയില്‍ കൊവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഭൂഖണ്ഡത്തിലെ മിക്ക രാജ്യങ്ങളിലും ഒരു കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് രണ്ടു രാജ്യങ്ങളില്‍ മാത്രമാണ്. ദക്ഷിണ ആഫ്രിക്കയിലെ പര്‍വ്വത രാജ്യമായ ലെസോതോയും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപായ കോമോറോസുമാണ് അവ.
ആഫ്രിക്കയില്‍ നഗരങ്ങളും ടൗണുകളും പ്രാദേശിക മേഖലകളിലെല്ലാം വൈറസ് ശക്തമായി ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. അതേസമയം മുന്‍കരുതല്‍ ശക്തിപ്പെടുത്തുന്നതിലൂടെ ഇത്രയും വലിയ വ്യാപനം തടയാന്‍ സാധിക്കുമെന്നും പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സാധാരണയായി ഉള്ള പോഷകാഹാരകുറവും എച്ച്‌ഐവി സാന്നിധ്യവും കൊവിഡ് വ്യാപനത്തിന് അനുകൂലമായ ഘടകമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
ഇതിനൊപ്പം തന്നെ പ്രതിരോധ സംവിധാനങ്ങളുടെയും ആരോഗ്യ സംവിധാനങ്ങളുടെയും അപര്യാപ്തതയും രോഗത്തിന്‍റെ പ്രഹരശേഷി കൂട്ടും. കൊവിഡിനെ നേരിടാന്‍ തക്ക സൗകര്യമുള്ള ആശുപത്രികളോ ഗുരുതര രോഗികളെ പ്രവേശിപ്പിക്കാന്‍ തക്ക വിധത്തില്‍ മതിയായ വെന്റിലേറ്ററുകളോ ഇല്ലാത്തതും പ്രശ്‌നമാകും.
കടുത്ത ദാരിദ്ര്യം പുലര്‍ത്തുന്ന രാജ്യങ്ങള്‍ എന്ന നിലയില്‍ സാമൂഹ്യ സാമ്പത്തിക സമ്മര്‍ദ്ദം കൊണ്ട് ജനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുന്നതും ഏറെ ദുഷ്‌ക്കരമായിരിക്കും. ആഫ്രിക്കയില്‍ കൊവിഡിന്‍റെ രണ്ടാം വരവില്‍ വ്യാപനം ശക്തമാകുമെന്നും 7.4 കോടി ടെസ്റ്റിംഗ് കിറ്റുകളും 30,000 വെന്റിലേറ്ററുകളും ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ആഫ്രിക്കയില്‍ കൊവിഡ് ഏറ്റവും കുടുതല്‍ ബാധിച്ചിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. 4,361 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4,319 കേസുകളുള്ള ഈജിപ്താണ് രണ്ടാമത്. മൊറോക്കോ 3,897, അള്‍ജീരിയ 3,256 എന്നിങ്ങനെയാണ് കൊവിഡ് ശക്തമായി ബാധിച്ചിരിക്കന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍.