പത്തനംതിട്ട : കോവിഡ് 19 ന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കുമെന്നു ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. റേഷന്‍ സാധനങ്ങളും അവശ്യവസ്തുക്കളുടെ കിറ്റുകളും അതിഥി തൊഴിലാളികള്‍ക്കും നല്‍കുമെന്നു മന്ത്രി പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ ജനപ്രതിനിധികളുമായി നടത്തിയ സൂം വീഡിയോ കോണ്‍ഫറന്‍സിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികളുടെയും പൂര്‍ണമായ കണക്ക് അവര്‍ താമസിക്കുന്ന സ്ഥലത്തെത്തി വില്ലേജ് ഓഫീസര്‍മാര്‍, അസി.ലേബര്‍ ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹായത്തോടെ തയ്യാറാക്കും. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍പോലും അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡ് 19 മായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യറേഷന്‍ നല്‍കും. നിലവില്‍ അതിഥി തൊഴിലാളികള്‍ക്ക് അവരുടെ കോണ്‍ട്രാക്ടറും സ്‌പോണ്‍സറും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കും. ഇതിനായി അവര്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കും. ഇതോടെ അവര്‍ക്ക് തനതായ ഭക്ഷണം ഉണ്ടാക്കുവാന്‍ കഴിയും. താലൂക്ക് തലത്തില്‍ തുറന്നിരിക്കുന്ന അതിഥി തൊഴിലാളി ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കും.
അതിഥി തൊഴിലാളികളുടെ നിലവിലെ അവസ്ഥ മനസിലാക്കുന്നതിനു ലേബര്‍ ഓഫീസര്‍മാരും പോലീസും ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കെട്ടിട ഉടമകള്‍ ആവശ്യപ്പെടരുത്. വീടുകളില്‍ നിന്ന് ഇറക്കിവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായാല്‍ കര്‍ശന നടപടി എടുക്കും. കമ്മ്യൂണിറ്റി കിച്ചണ്‍ വഴി അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണമെത്തിക്കുന്നു എന്ന് എല്ലാ ജനപ്രതിധികളും ഉറപ്പാക്കേണ്ടതുണ്ട്.
ആദിവാസി കോളനികളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ വനം വകുപ്പിന്‍റെ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും റേഷന്‍ സാധനങ്ങളും അവശ്യവസ്തുക്കളുടെ കിറ്റുകളും എത്തിക്കും. വനത്തില്‍ ടൂറിസം കേന്ദ്രങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ആവശ്യമായ സഹായം ചെയ്യും.
മില്‍മ വഴി ശേഖരിക്കുന്ന പാല്‍ വില്‍പ്പന കുറവായതിനാല്‍ തമിഴ്നാട്ടിലെ ഫാക്ടറികളില്‍ എത്തിച്ച് പാല്‍പ്പൊടിയാക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്തെ മൂന്നു മേഖലകളില്‍ മില്‍മ പാല്‍ സംഭരിക്കുന്നുണ്ട്. കാലിത്തീറ്റ കൂടുതലായി എത്തിക്കുന്നതിനും നടപടി സ്വീകരിച്ചുണ്ടെന്ന് മന്ത്രി പറഞ്ഞു.