ഡല്‍ഹി: കോവിഡ‍് രോഗിക്ക് തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതായുള്ള ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്). 11 വയസ്സുള്ള പെണ്‍കുട്ടിയുടെ തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതോടെ കാഴ്ചയ്ക്കും തകരാറുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പതിനൊന്നുകാരിയില്‍ കോവിഡ് എഡിഎസിന് (Acute Demyelinating Syndrome) കാരണമായതായി കണ്ടെത്തിയിട്ടുണ്ട്. പീഡിയാട്രിക് പ്രായത്തിലുള്ളവരില്‍ ആദ്യമായിട്ടാണ് കോവിഡ് മൂലം മറ്റൊരു രോഗത്തിന് കാരണമാകുന്നത് കണ്ടെത്തുന്നതെന്ന് ചൈല്‍ഡ് ന്യൂറോളജി വിഭാഗം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കി ഉടനെ പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കും.
ഞരമ്പുകള്‍ മയലിന്‍ എന്ന ആവരണത്താല്‍ മൂടപ്പെട്ടതാണ്. ഇത് തലച്ചോറില്‍നിന്നുള്ള സന്ദേശങ്ങള്‍ പെട്ടെന്ന്, അനായാസമായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്താന്‍ സഹായിക്കും. മയലിന്‍ ഉറയ്ക്ക് നാശം സംഭവിക്കുന്നതും തലച്ചോറിലേക്കുള്ള സൂചനകള്‍ കൃത്യമായി ലഭിക്കാതിരിക്കുന്നതും കാഴ്ച, പേശിയുടെ ചലനങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, ബ്ലാഡര്‍, മലവിസര്‍ജനങ്ങള്‍ തുടങ്ങിയവയ്ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും എഡിഎസില്‍ ഉള്‍പ്പെടുന്നു.
കാഴ്ച നഷ്ടപ്പെടുന്നുവെന്ന് പറഞ്ഞാണു പെണ്‍കുട്ടി എത്തിയത്. എംആര്‍ഐ എടുത്തു നോക്കിയപ്പോഴാണ് എഡിഎസ് കണ്ടെത്തിയത്. ഇത് പുതിയ സംഭവമാണ്. എന്നിരുന്നാലും വൈറസ് പ്രധാനമായും തലച്ചോറിനെയും ശ്വാസകോശത്തെയുമാണ് ബാധിക്കുന്നതെന്ന് ഇപ്പോള്‍ അറിയാന്‍ സാധിച്ചിട്ടുണ്ട്. കോവിഡ് മൂലമാണ് ഈ പ്രശ്നമെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് എയിംസിലെ ചൈല്‍ഡ് ന്യൂറോളജി വിഭാഗം തലവന്‍ ഡോ. ഷെഫാലി ഗുലാത്തി പറഞ്ഞു.
ഗുലാത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയെ ചികില്‍സിച്ചത്. ഇമ്യൂണോതെറപ്പിയിലൂടെ പെണ്‍കുട്ടിയുടെ അവസ്ഥ കൂടുതല്‍ മെച്ചപ്പെട്ടു. 50 ശതമാനത്തോളം കാഴ്ച തിരിച്ചുകിട്ടിയതിനു പിന്നാലെയാണു പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. പനിയും എന്‍സെഫാലോപതിയുമായി (തലച്ചോറിനുള്ള വീക്കം) കോവിഡ് ബാധിച്ച 13 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയും എയിംസില്‍ ചികില്‍സയിലുണ്ട്.