ചങ്ങനാശേരി: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പള്ളിമുറ്റത്ത് കൊടിമരച്ചുവട്ടില്‍ ചിതയൊരുക്കി ദഹിപ്പിച്ചു. കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിമുറ്റത്താണ് കൊടിമരച്ചുവട്ടില്‍ ചിതയൊരുക്കിയത്. തൃക്കൊടിത്താനം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മണികണ്ഠവയല്‍ ഭാഗത്ത് കുന്നില്‍ വീട്ടില്‍ സേവ്യര്‍ (70) ആണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ മരിച്ചത്.
കുടുംബത്തിലെ ഒരാള്‍ കൊവിഡ് ബാധിച്ച് തൃക്കൊടിത്താനം ഡിസിസി യിലും ബാക്കി ഉള്ളവര്‍ വീട്ടില്‍ ക്വാറന്റയിനിലും ആയിരുന്നു. അതിനാല്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി മരണപ്പെട്ട ആളുടെ ഇടവകയായ കൊടിനാട്ടുകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കരിക്കുന്നതിനായി എത്തിച്ചു.
പള്ളി സെമിത്തേരിയില്‍ ചിതയൊരുക്കുവാന്‍ സൗകര്യം കുറവായതിനാല്‍ പള്ളിയുടെ മുന്‍വശത്ത് കൊടിമരത്തിനോട് ചേര്‍ന്ന് എല്ലാ ആദരവോടെയും പ്രത്യേകം ചിതയൊരുക്കുന്നതിന് പള്ളി വികാരി ഫാ. ഫിലിപ്പ് പച്ചക്കൊടി കാട്ടി. തുടര്‍ന്ന് അസി.വികാരി ഫാ. ബോബി ജോസഫ്, കൈക്കാരന്‍മാരായ ബാബുരാജ്, സണ്ണിച്ചന്‍ എന്നിവര്‍ ചേര്‍ന്ന് പള്ളിയുടെ മുന്‍വശത്ത് കൊടിമരത്തിനോട് ചേര്‍ന്ന് ചിതയൊരുക്കി മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ഭൗതിക അവശിഷ്ടം സെമിത്തേരിയിലെ പ്രത്യേക സെല്ലിനുള്ളില്‍ പെട്ടിയിലാക്കി അടക്കം ചെയ്തു.