കോന്നി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരികെ എത്തുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാനുള്ള കോവിഡ് കെയര്‍ സെന്ററുകളിലെ തയാറെടുപ്പുകളുടെ അവസാനവട്ട പരിശോധന നടത്താന്‍ കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കോന്നി താലൂക്ക് ഓഫീസില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരുടെ യോഗം ചേര്‍ന്നു.
തിരികെ എത്തുന്നവരെ അതത് പഞ്ചായത്തുകളില്‍ തയാറാക്കുന്ന കോവിഡ് കെയര്‍ സെന്ററുകളിലാണ് ക്വാറന്റൈന്‍ ചെയ്യുന്നത്. താലൂക്ക്തലത്തില്‍ ഫസ്റ്റ് ലെവല്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററും പ്രവര്‍ത്തിക്കും. ഏതെങ്കിലും വ്യക്തി കോവിഡ് പോസിറ്റീവ് ആയാല്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റും. താലൂക്ക്തല കോവിഡ് ട്രീറ്റ്മെന്റ് സെന്ററായി കോന്നി ടി.വി.എം ഹോസ്പിറ്റലിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്ന കോവിഡ് കെയര്‍ സെന്ററായി കോന്നി രാജ് റസിഡന്‍സി, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം, നിലയ്ക്കല്‍ സെന്റ് തോമസ് എക്യൂമെനിക്കല്‍ സെന്റര്‍, മണ്ണീറ ടൂറിസ്റ്റ് ഹോം ആന്‍ഡ് ലോഡ്ജ്, ആങ്ങമൂഴി മാര്‍ത്തോമാ റിന്യൂവല്‍ സെന്റര്‍, കോന്നി സൂര്യ ഹോട്ടല്‍, വകയാര്‍ ക്രിസ്തുരാജ് ഹോസ്പിറ്റല്‍, മലയാലപ്പുഴ അഗപ്പെ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കോന്നി കുട്ടീസ് റെസിഡന്‍സി, ഏനാദിമംഗലം ഓയസിസ് പഞ്ചകര്‍മ്മ സെന്റര്‍, മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് എന്നിങ്ങനെ പതിനൊന്ന് സ്ഥാപനങ്ങളാണ് കോന്നി നിയോജക മണ്ഡലത്തില്‍ ഏറ്റെടുത്തിരിക്കുന്നത്. തിരികെ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കേണ്ടി വരുമെന്ന് യോഗം വിലയിരുത്തി. ഇതിനായി ചിറ്റാറിലെ ട്രൈബല്‍ ഹോസ്റ്റല്‍, താമരശേരില്‍ ലോഡ്ജ്, മലയാലപ്പുഴ പഞ്ചായത്തിലെ ലോട്ടസ് ലോഡ്ജ്, ശ്രീഹരി ലോഡ്ജ്, മുസലിയാര്‍ ആര്‍ട്സ് കോളജ്, തണ്ണിത്തോട് പഞ്ചായത്തിലെ സര്‍വീസ് സഹകരണ ബാങ്കിന്റെ ഹോം സ്റ്റേ, അടവി ട്രീ ഹട്ട്, വള്ളിക്കോട് പഞ്ചായത്തിലെ എം കണ്‍വന്‍ഷന്‍ സെന്റര്‍, അരുവാപ്പുലം പഞ്ചായത്തിലെ അതിരുങ്കല്‍ മാര്‍ത്തോമാ പാരീഷ് ഹാള്‍, ഊട്ടുപാറ മാര്‍ ഗ്രിഗോറിയോസ് പാരീഷ് ഹാള്‍, കല്ലേലി സെന്റ് ജോര്‍ജ് ചര്‍ച്ച് പാരീഷ് ഹാള്‍ തുടങ്ങിയവ കൂടി കോവിഡ് കെയര്‍ സെന്ററായി ഏറ്റെടുക്കുന്നതിന് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കും.
എല്ലാ കേന്ദ്രങ്ങളിലും അതത് പഞ്ചായത്തുകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഓണ്‍ കോള്‍ മെഡിക്കല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും. സഹായിക്കാനായി രണ്ടു വോളന്റിയര്‍മാര്‍ ഓരോ കേന്ദ്രത്തിലുമുണ്ടാകും.അവരുടെ പരിശീലനം നടന്നു വരുന്നു. പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിമാര്‍ അല്ലെങ്കില്‍ ഹെഡ് ക്ലാര്‍ക്ക് കോ-ഓഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കും. ഓരോ കേന്ദ്രത്തിനും ഓരോ വാര്‍ഡന്‍മാര്‍ ഉണ്ടാകും.
കോന്നിയിലെ എല്ലാ കോവിഡ് കെയര്‍ സെന്ററുകളും ഫയര്‍ഫോഴ്സ് ശുചീകരിക്കും. സീതത്തോട്,ചിറ്റാര്‍, തണ്ണിത്തോട് പഞ്ചായത്തുകളിലെ കേന്ദ്രങ്ങള്‍ സീതത്തോട് ഫയര്‍സ്റ്റേഷനും, മൈലപ്ര, പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ കേന്ദ്രങ്ങള്‍ പത്തനംതിട്ട ഫയര്‍സ്റ്റേഷനും, ഏനാദിമംഗലം അടൂര്‍ ഫയര്‍സ്റ്റേഷനും, ബാക്കി പഞ്ചായത്തുകള്‍ കോന്നി ഫയര്‍സ്റ്റേഷനും അണുനാശിനി തളിച്ച് ശുചീകരിക്കും.
ഓണ്‍ ഫണ്ട് ലഭ്യമല്ലാത്ത പഞ്ചായത്തുകള്‍ക്ക് സഹായം വേണമെന്ന പ്രസിഡന്റുമാരുടെ അഭ്യര്‍ഥന സര്‍ക്കാരിനെ അറിയിക്കുമെന്ന് എംഎല്‍എ യോഗത്തില്‍ പറഞ്ഞു. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രീത രമേശ്, സുനില്‍ വര്‍ഗീസ് ആന്റണി, എം.രജനി, ലിസിമോള്‍ ജോസഫ്, കെ. ജയലാല്‍, എം.വി അമ്പിളി, രവികല എബി, ബീന മുഹമ്മദ് റാഫി, പ്രമാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജെയിംസ്, തഹസില്‍ദാര്‍ ശ്രീകുമാര്‍ തടങ്ങിയവര്‍ പങ്കെടുത്തു.