വയനാട് : വയനാട്ടിൽ കോവിഡ് സമ്പർക്ക വ്യാപനം നടക്കുന്ന വാളാട് പ്രദേശത്ത് ആശങ്ക നീങ്ങുന്നില്ല. വടക്കൻ വയനാട്ടിൽ പലയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വരും ദിവസങ്ങളിലും കൂടുതൽ ആന്‍റിജന്‍ പരിശോധനകൾ നടത്തും . ഇതിനകം നടന്ന 1700 ഓളം ആന്‍റിജന്‍ പരിശോധനയിലൂടെ 215 കോവിഡ് കേസുകളാണ് വാളാട് പ്രദേശത്തുനിന്ന് മാത്രം സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതർക്ക് എഴുന്നൂറോളം പേരുമായി സമ്പർക്കം ഉള്ളതായാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം .
കഴിഞ്ഞദിവസം വാളാടിനു പുറമേ സമീപ പ്രദേശങ്ങളിലുള്ള 23 പേർക്ക് കൂടി ഇതേ ക്ലസ്റ്ററിൽ നിന്ന് രോഗം പകർന്നതോടെ വടക്കൻ വയനാട്ടിൽ ആശങ്ക പടർന്നു. മേഖലയിൽ കൂടുതൽ ആന്‍റിജന്‍ പരിശോധനകൾ നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്തെ ആദിവാസി ഊരിൽ യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ കോളനികളിലും ആരോഗ്യവകുപ്പ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം,തേറ്റമല പ്രദേശങ്ങളിലും തിങ്കളാഴ്ച ആരോഗ്യവകുപ്പ് ആന്‍റിജന്‍ പരിശോധന നടത്തും. തവിഞ്ഞാൽ പഞ്ചായത്തിന് പുറമേ വടക്കൻ വയനാട്ടിലെ സമീപ പഞ്ചായത്തുകളിൽ എല്ലാം നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്.