ന്യൂഡൽഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 46,59,985 ആയി. ഒറ്റ ദിവസത്തിനിടെ 1,201 പേർ കൂടി മരിച്ചു. ആകെ മരണം 77,472. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 9,58,316 പേർ ചികിത്സയിലാണ്. ഇതുവരെ 36,24,197 പേർ രോഗമുക്തരായി.
രോഗബാധിതർ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിൽ ആകെ കേസുകൾ 10 ലക്ഷം കടന്നു. 10,15,681 പേർക്കാണ് രോഗം. ആന്ധ്രാപ്രദേശിൽ 5,47,686 കേസുകളും തമിഴ്നാട്ടിൽ 4,91,571 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ 4,40,411 പേർക്കാണ് രോഗം. ഉത്തർപ്രദേശിൽ 2,99,045 കേസുകളും ഡൽഹിയിൽ 2,09,748 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.