ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,755 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 75,50,273 ആയി. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 11,256 പേരുടെ കുറവാണ് പ്രതിദിനരോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. നിലവില്‍ 7,72,055 പേരാണ് ചികിത്സയിലുള്ളത്. 66,63,608 പേര്‍ക്ക് രോഗം ഭേദമായി. 66,399 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്.
579 പേരുടെ കൂടി മരണം രേഖപ്പെടുത്തിയതോടെ ആകെ മരിച്ചവരുടെ എണ്ണം 1,14,610 ആയി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണനിരക്ക് കുറവാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനവ് ആശ്വാസം പകരുന്നു.
ആഗോളതലത്തില്‍ രോഗികളുടെ എണ്ണം 40 ദശലക്ഷത്തോടടുക്കുന്നു. 39.8 ദശലക്ഷം പേര്‍ക്കാണ് ലോകത്താകമാനം ഇതുവരെ രോഗം ബാധിച്ചത്. യൂറോപ്പിലും യുഎസിലും ഇന്ത്യയിലും പ്രതിദിന രോഗികളുടെ എണ്ണം 50,000 ന് മുകളിലാണ്.