പത്തനംതിട്ട : കോവിഡ് മഹാമാരിയുടെ കഴിഞ്ഞ ഒരുവര്‍ഷത്തില്‍ അധികമായ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ സംഘര്‍ഷങ്ങളില്‍പ്പെട്ടുപോയത് കുട്ടികളാണെന്നും അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിലവിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫീസര്‍മാര്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി.
കോവിഡ് കാലയളവില്‍ ഏറെക്കുറെ പുറത്തിറങ്ങാതെ വീടുകള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈന്‍ പഠനവുമായി കഴിഞ്ഞുകൂടുന്ന കുട്ടികളില്‍ അതുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളിലേക്ക് പരമാവധി എത്തുകയും മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ പരിഹാരം കാണുന്നതിനും പോലീസ് സ്റ്റേഷനുകളിലെ ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫീസര്‍മാര്‍ പരിശ്രമിക്കണം. വീടുകളില്‍ തന്നെ കുട്ടികള്‍ പഠനം തുടരുമെന്ന സാഹചര്യം നിലവിലുള്ളതിനാല്‍ അവര്‍ ഒരുതരത്തിലുമുള്ള അതിക്രമങ്ങള്‍ക്കും ഇരകളാകുന്നില്ലെന്ന് പോലീസ് ഉറപ്പാക്കുകയും വേണം. കോവിഡ് കാലത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ ജില്ലയില്‍ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. കുറ്റകൃത്യങ്ങള്‍ പുറത്തറിയാത്തതാണോ അതോ അവ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണോ കാരണമെന്ന് അന്വേഷിക്കണം.
പോലീസ് സ്റ്റേഷനുകളിലെ ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫീസര്‍മാര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, തുടങ്ങിയവര്‍ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടുകയും ജ്യൂവനൈല്‍ ജസ്റ്റിസ് നിയമം അനുശാസിക്കും വിധം പരിഹാരം കാണുകയും വേണമെന്ന് ജില്ലാ സി ബ്രാഞ്ച് ഡി വൈഎസ്പി പ്രതാപന്‍ നായര്‍ പറഞ്ഞു. ജില്ലാതലത്തില്‍ സി ബ്രാഞ്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് ഇതിന് ആവശ്യമായ സഹായം നല്‍കും.
ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ കുട്ടികളും അധ്യാപകരുമായി തുടര്‍ന്നുവന്ന ബന്ധം ഇല്ലാതായത് കാരണം കുട്ടികളുടെ പ്രശ്നങ്ങള്‍ അറിയപ്പെടാതെ പോകുന്നുണ്ട്. പോലീസിന്റെ ഭവനസന്ദര്‍ശനങ്ങളും നടക്കുന്നില്ല. മാതാപിതാക്കള്‍ തമ്മില്‍ വഴക്കുകള്‍ പതിവായ വീടുകളില്‍ കുട്ടികള്‍ ഒട്ടും സുരക്ഷിതരല്ല. വിദ്യാഭ്യാസവും പ്രശ്നമാണ്. മാതാപിതാക്കള്‍ കൂലിപ്പണിക്ക് പോകുന്ന സന്ദര്‍ങ്ങളില്‍ കുട്ടികള്‍ വീടുകളില്‍ തനിച്ചാവുന്നു. അതിക്രമങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും അവര്‍ ഇരകളായി തീരാം. ക്ലാസ് ടീച്ചര്‍മാര്‍ക്ക് ഇത്തരം സാഹചര്യങ്ങളുള്ള വീടുകള്‍ അറിയാനാവുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിരമായി ഇടപെടാന്‍ കഴിയുമെന്നും അടൂര്‍ ഡിവൈഎസ്പി വിനോദ് പറഞ്ഞു.
കുടുംബശ്രീ, അയല്‍ക്കൂട്ടം, അംഗനവാടി തുടങ്ങിയ സംവിധാനങ്ങളുടെ സഹകരണത്തോടെ അടിയന്തിര സഹായം ആവശ്യമുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി കുട്ടികളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാര്‍ പറഞ്ഞു. കോവിഡ് വ്യാപനം കാരണം ഓണ്‍ലൈന്‍ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളില്‍ പഠന സംവിധാനങ്ങള്‍ ഇല്ലാതെവരുന്ന സന്ദര്‍ഭങ്ങളില്‍ പോലീസ് എത്തിക്കുന്നത് തുടരണം. കുട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം, ഓണ്‍ലൈന്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നു.
സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും ക്ലാസ് ടീച്ചര്‍മാരുമായി ബന്ധപ്പെട്ട് ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും കൂടുതല്‍ ശ്രദ്ധ വേണ്ടതും കുറ്റവാസനയുള്ളവരുമായ കുട്ടികളെ കണ്ടെത്തി അവരെ നേര്‍വഴിക്കു നയിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും ജില്ലാപോലീസ് മേധാവി ഉപക്രമമായി നിര്‍ദേശിച്ചു. ഇത്തരത്തില്‍ ഉള്ള കുട്ടികള്‍ 20 ശതമാനം മാത്രമേ കാണൂ, അവരെ തിരിച്ചറിയാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണം, കുട്ടികളിലെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കപ്പെടണം, നമ്മുടെ ജനസംഖ്യയില്‍ മൂന്നിലോന്നു കുട്ടികളാണ്, 10-15 വര്‍ഷം കഴിയുമ്പോള്‍ അവരാവും ഭാവിപൗരന്മാര്‍. ഇവര്‍ സമൂഹത്തിനും നാടിനും അനുഗുണമായി വളര്‍ന്നുവരുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ പോലീസിന് വലിയ പങ്കുണ്ട്. പോലീസ് ഉള്‍പ്പെടുന്ന സമൂഹം കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കിയാല്‍, കുട്ടികള്‍ സമൂഹത്തോട് പ്രതിബദ്ധതയോടെ പെരുമാറും.
പോലീസ് അവരുടെ വിശ്വാസം നേടിയെടുക്കണം, എസ്പിസി ഹോപ്പ് പദ്ധതിയിലൂടെ പത്താം തരം തോറ്റ കുട്ടികളെ കണ്ടെത്തി തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കി വിജയത്തിലേക്കു കൊണ്ടുവരാന്‍ സാധിക്കുന്നുണ്ട്. കുഴപ്പക്കാരായി മാറുന്ന കുട്ടികള്‍ വളരെ കുറവാണ്. അവരെ സ്റ്റേഷന്‍ തലത്തില്‍ മറ്റ് വകുപ്പുകളുടെ സഹായത്തോടെ കണ്ടെത്തി നേര്‍വഴിക്കു കൊണ്ടുവരാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫീസര്‍മാരും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരും ശ്രമിക്കണം. ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നതിന് വേണ്ട നടപടി ഉടന്‍ കൈകൊള്ളും.