തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം കുതിച്ചുയര്‍ന്നതോടൊപ്പം ക്ലസ്റ്ററുകളും വര്‍ധിച്ചു. വടകരയിലും തൂണേരിയിലും ക്ലസ്റ്ററുകളായതോടെ സംസ്ഥാനത്തെ കോവിഡ് ക്ലസ്റ്ററുകളുടെ ആകെ എണ്ണം 37 ആയി. 11 ജില്ലകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ഉറവിടമില്ലാത്ത കേസുകളും ക്ലസ്റ്ററുകളും കൂടുന്നതോടെ സാമൂഹിക വ്യാപന ആശങ്കയും ശക്തമാകുന്നു
സമ്പര്‍ക്കവും ഉറവിടമില്ലാത്ത കേസുകളും വര്‍ധിച്ചതോടെ വിവിധതരത്തില്‍ തരംതിരിച്ചിട്ടുള്ള എല്ലാ ക്ലസ്റ്ററുകളും കേരളത്തില്‍ രൂപപ്പെട്ടുകഴിഞ്ഞു. പ്രാദേശികമായി പടര്‍ന്ന അമ്പതിലധികം കേസുകള്‍ വരുന്നതോടെ രൂപം കൊള്ളുന്ന ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ് ഇതില്‍ ഏറ്റവും അപകടകരം. നിലവില്‍ പൊന്നാനിയും പൂന്തുറയും ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. പൂന്തുറയില്‍ സമൂഹവ്യാപനത്തിന്റെ തൊട്ടുമുന്‍പത്തെ ഘട്ടമായ സൂപ്പര്‍ സ്പ്രെഡ് സംഭവിച്ചു കഴിഞ്ഞു. 50ലധികം പേരിലേക്ക് രോഗം പടര്‍ന്ന തൂണേരിയും ഈ നിലയില്‍ തുടര്‍ന്നാല്‍ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായേക്കും. ഇന്നലെ മാത്രം 20 പേരിലേക്ക് രോഗം പടര്‍ന്ന എറണാകുളത്തെ ചെല്ലാനവും ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായേക്കുമെന്ന ആശങ്കയിലാണ്.
ഇതിന് തൊട്ടുതാഴെ പ്രാദേശിക വ്യാപനമുണ്ടായ ചെറിയ പ്രദേശങ്ങളാണ് ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍. പത്തനംതിട്ടയിലെ നഗരസഭാ വാര്‍ഡുകളടക്കം സംസ്ഥാനത്ത് ഇവയുടെ എണ്ണം 27 ആണ്. ജവാന്മാരില്‍ രോഗം പടര്‍ന്നുപിടിച്ച കണ്ണൂരിലെ സഐഎസ്‌എഫ് ക്യാമ്പ്, ഡിഎസ്സി ക്യാമ്പ് , ആലപ്പുഴ നൂറനാട് ഐടിബിപി എന്നിവ ക്ലോസ്ഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ്. ആശുപത്രികളിലും ഫ്ലാറ്റുകളിലും ഓഫീസുകളിലും രോഗം പടര്‍ന്നുപിടിച്ച ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററായി 3 സ്ഥലങ്ങള്‍ സംസ്ഥാനത്ത് രൂപപ്പെട്ടു.
തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ്, വെയര്‍ഹൗസ്, കോഴിക്കോട് വെള്ളയിലെ ഫ്ലാറ്റ് എന്നിവ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററുകളാണ്. അതേസമയം 12 ക്ലസ്റ്ററുകളെ കണ്ടെയിന്മെന്റ് നടപടികളിലൂടെ ഇതിനോടകം ഇല്ലാതാക്കാന്‍ കഴിഞ്ഞു. വയനാട്, കാസര്‍ഗോഡ് ജില്ലകളാണ് ഇങ്ങനെ പൂര്‍ണമായും ക്ലസ്റ്റര്‍ മുക്തമായത്. ദിവസേനയുള്ള സമ്പര്‍ക്ക വ്യാപനം ഇതിനോടകം 50 ശതമാനം പിന്നിട്ടതിനാല്‍ ക്ലസ്റ്ററുകളുടെ എണ്ണവും കൂടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ കാത്തിരിക്കുന്നത് സമൂഹവ്യാപനമെന്ന ഭയപ്പെട്ട അപകടമാകും. സമൂഹവ്യാപനം നടന്നുകഴിഞ്ഞെന്ന് നേരത്തെ ഐഎംഎ മുന്നറിയിപ്പ് നല്‍കിയിരുന്നു.