വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ 1.9 ലക്ഷം കോടി ഡോളർ കോവിഡ് സമാശ്വാസ ബില്ലിന് പ്രതിനിധി സഭയുടെ അംഗീകാരം. 212നെതിരെ 219 വോട്ടിനാണ് ശനിയാഴ്ച ബിൽ പാസായത്. ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും തുല്യശക്തിയുള്ള സെനറ്റിൽക്കൂടി പാസായാൽ ബൈഡന് അതൊരു രാഷ്ട്രീയ വിജയം കൂടിയാകും. കുറഞ്ഞ വേതനം ഉയർത്താനുള്ള ബൈഡന്റെ നിർദേശത്തോട് റിപ്പബ്ലിക്കൻ സെനറ്റർമാർ എതിർപ്പ് അറിയിച്ചിട്ടുണ്ട്.
ജനങ്ങളിലേക്കും വാണിജ്യസ്ഥാപനങ്ങളിലേക്കും കൂടുതൽ പണമെത്തിച്ച് കോവിഡ് തളർത്തിയ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് പാക്കേജുകൊണ്ട് ലക്ഷ്യമിടുന്നത്. കോവിഡ് അടച്ചുപൂട്ടലിൽ രാജ്യത്ത് തൊഴിലില്ലായ്മ 10 ശതമാനമായി ഉയർന്നതായും ഒരുകോടി ആളുകൾക്ക് തൊഴിൽ നഷ്ടമായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 1.1 കോടി തൊഴിൽ രഹിതർക്ക് ആഗസ്ത് അവസാനം വരെ തൊഴിലില്ലായ്മ വേതനം നൽകുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് ബില്ലിലുള്ളത്. കോവിഡ് വാക്സിനേഷൻ ത്വരിതപ്പെടുത്താൻമാത്രം 7000 കോടി ഡോളർ നീക്കിവെച്ചിട്ടുണ്ട്.