തിരുവനന്തപുരം : കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം 19 ദിവസം പിന്നിട്ടിട്ടും സംസ്‌കരിച്ചില്ലെന്ന് പരാതി. ഒക്ടോബര്‍ 2 ന് മരിച്ച കൊല്ലം പത്തനാപുരം സ്വദേശി ദേവരാജന്റെ മൃതദേഹം സംസ്‌കരിക്കുന്നതിലാണ് ഗുരുതര വീഴ്ച സംഭവിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം. കേരളത്തില്‍ കോവിഡ് രോഗബാധ ഉയര്‍ന്ന തോതില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ആശുപത്രികളില്‍ നിന്നുള്‍പ്പെടെയുള്ള ഇത്തരം വീഴ്ചകളും പുറത്ത് വരുന്നത്.
എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്ക് ചികില്‍സ നല്‍കുന്നതില്‍ ഉണ്ടായ ഗുരുതര പിഴവ് രോഗിയുടെ മരണത്തിന് ഇടയാക്കിയെന്ന വെളിപ്പെടുത്തലില്‍ വിവാദം തുടരുന്നതിനിടെയാണ് പുതിയ ആക്ഷേപം ഉയരുന്നത്. പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിയായ ദേവരാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ തന്നെ മൃതദേഹം സംസ്‌കരിക്കാമെന്ന് അറിയിച്ചിരുന്നു. കൊല്ലത്തെ പോളിക്കോട് ശ്മശാനത്തില്‍ സംസ്‌കാരം നടത്തുമെന്നാണ് അറിയിച്ചിരുന്നത് എന്നും ദേവരാജന്റെ ഭാര്യ പുഷ്പ പറഞ്ഞു.
മൃതദേഹം സംസ്കരിച്ചെന്ന് കരുതി മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെ കുടുംബം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ 19 ദിവസങ്ങളായി ദേവരാജന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് മൃതദേഹം സംസ്‌കരിച്ചില്ലെന്ന് അറിയുന്നത്.
ഇത് സംബന്ധിച്ച വിവരങ്ങള്‍ തേടിയപ്പോള്‍ ബന്ധുക്കളുടെ സമ്മതപത്രം ലഭിക്കാത്തതിനാലാണ് സംസ്‌കാരം നടത്താനാവാതിരുന്നത് എന്നാണ് അധികൃതര്‍ നല്‍കിയ വിവരം. എന്നാല്‍ സമ്മതപത്രം സംബന്ധിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് പുഷ്പ പറഞ്ഞു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ കുടുംബം സമ്മതപത്രം നല്‍കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് ദേവവാജന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇയാളെ കോവിഡ് ചികില്‍സയ്ക്കായി മാറ്റി. പിന്നാലെ പുഷ്പ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നേറ്റ് പുഷ്പയ്ക്കും കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതോടെ പത്താനാപുരത്തെ ചികില്‍സാ കേന്ദ്രത്തിലേക്ക് ഇവരെയും മാറ്റുകയും ചെയ്തു. പത്ത് ദിവസത്തോളം ഇവര്‍ ചികില്‍സയിലായിരുന്നു. ഇതിനിടെയാണ് ഒക്ടോബര്‍ രണ്ടിന് ദേവരാജന്‍ മരിക്കുന്നത്.