ഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറില്‍ 905 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക്. 51 പേരാണ് 24 മണിക്കൂറിനകം മരിച്ചത്. ഇത്രയധികം കേസുകളും മരണങ്ങളും ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ മരണസംഖ്യ 324 ആയി ഉയര്‍ന്നു. ആകെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 9352 ആയി.
നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത് 8048 പേരാണ്. ഇതുവരെ 979 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അസുഖ ബാധിതനായ ഒരാളെ രാജ്യത്ത് നിന്ന് മാറ്റി. നിലവില്‍ ചികിത്സയിലുള്ള വിദേശ പൗരന്‍മാരുടെ എണ്ണം 72 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യയില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. 22 പേര്‍ മഹാരാഷ്ട്രയില്‍ മരിച്ചു. ഏഴ് പേര്‍ വീതം മധ്യപ്രദേശിലും തെലങ്കാനയിലും അഞ്ച് പേര്‍ ഡല്‍ഹിയിലും മരിച്ചു. നാല് പേര്‍ ഗുജറാത്തിലും രണ്ട് പേര്‍ വീതം പശ്ചിമബംഗാളിലും ഓരോരുത്തര്‍ കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ജാര്‍ഖണ്ഡിലും മരിച്ചതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ആകെ മരണസംഖ്യയില്‍ ഏറ്റവും മുന്നില്‍ മഹാരാഷ്ട്രയാണ് . 149 മരണമാണ് കൊറോണ മൂലം ഉണ്ടായിട്ടുള്ളത്. പിന്നാലെ മധ്യപ്രദേശ് 43, ഗുജറാത്ത് 26, ഡല്‍ഹിയില്‍ 24, തെലങ്കാനയില്‍ 16. പഞ്ചാബിലും തമിഴ്നാട്ടിലും 11 വീതം മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. പശ്ചിമബംഗാളിലും ആന്ധ്രാപ്രദേശിലും ഏഴ് വീതം മരണങ്ങള്‍ ഉണ്ടായി. കര്‍ണാടകത്തില്‍ ആറ് പേരും ഉത്തര്‍പ്രദേശില്‍ അഞ്ച് മരണവും ഉണ്ടായി.
കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളും വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിടുന്ന കണക്കുകളും തമ്മില്‍ വലിയ അന്തരമുണ്ടെന്ന ആരോപണം ശക്തമാകുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കണക്കുകള്‍ സ്ഥിരീകരിച്ച് എത്താനുള്ള സമയമാണ് ഇതിന് കാരണമായി മന്ത്രാലയ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.