തൃശൂര്‍ : ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് 22,303 പേരാണ്. മരിച്ചവരെ പരിശോധിച്ചപ്പോള്‍ കോവിഡ് സഥിരീകരിച്ചവരില് ഏറെ പേര് കണക്കിന് പുറത്താണുള്ളത്. ഇക്കൂട്ടര്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ഈ കണക്ക് 25000 ത്തിനും മുകളിലാവും.
സംസ്ഥാനതലത്തില്‍ കോവിഡ് കുതിപ്പിന് സമാനം തന്നെയാണ് ജില്ലയിലെ മരണ നിരക്ക്. 3678 പേര് മരിച്ച തിരുവനന്തപുരമാണ് സംസ്ഥാനതലത്തില്‍ ഒന്നാമത്. തൃശൂര്‍ രണ്ടാമതാണ്. ഇതുവരെ 2532 പേരുടെ ജീവനാണ് ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് അപഹരിച്ചത്. ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം 889 പേര് പുരുഷന്മാരും 501 പേര് സ്ത്രീകളും അടക്കം മരിച്ചത് 1390 പേരാണ്. അതാണ് ഏതാണ്ട് ഇരട്ടിയായത്. 2020 മേയ് 22 നാണ് ആദ്യമായി കോവിഡ് മരണം ജില്ലയിലുണ്ടാകുന്നത്. എട്ട് മാസത്തിനിടെ 320 പേരാണ് മരിച്ചതെങ്കില്‍ പിന്നീടുള്ള എട്ട് മാസത്തില്‍ മരിച്ചത് 2013 പേരാണ്. അതിനിടെ ആഗസ്റ്റില്‍ മാത്രം 548 പേര് മരിച്ചു.
രോഗികളുടെ കണക്കെടുത്താല്‍ ആഗസ്റ്റില്‍ മാത്രം 80,000 ലധികം പേരാണ് പോസിറ്റിവായത്. മേയില്‍ 88,047 പേര്‍ക്ക് രോഗം വന്നതാണ് ഉയര്‍ന്ന നിരക്ക്. എന്നാല്‍ മേയില്‍ 445 പേര് മാത്രമാണ് മരിച്ചത്. ജൂണില്‍ 357, ജൂലൈയില്‍ 398, ആഗസ്റ്റില്‍ 548, ഈ മാസം 10 വരെ 218 എന്നിങ്ങനെയാണ് തുടര്‍ച്ചയായ മാസങ്ങളിലെ പ്രതിമാസ മരണ കണക്ക്. കഴിഞ്ഞ മേയ് 24 ലെ 62 പേരുടെ മരണമാണ് പ്രതിദിന മരണത്തില്‍ ഉയര്‍ന്ന സംഖ്യ.
മരിച്ചവരില്‍ കൂടുതലും വയോധികരാണ്. രണ്ട് വാക്സിനെടുത്തവര്‍ പോലും മരണമടഞ്ഞവരുടെ പട്ടികയിലുണ്ട്. ഗുരുതരമായ അസുഖങ്ങളുള്ളവര്‍ പോലും കോവിഡ് സ്ഥിരീകരിച്ച ശേഷവും ആശുപത്രികളിലെത്തി ചികിത്സ തേടാത്തത് മരണ സംഖ്യ കൂടാന്‍ ഇടയാക്കുന്നുണ്ട്. ശ്വാസകോശ സംബന്ധ അസുഖമുള്ളവര്‍ പോലും ശരിയായ രീതിയില്‍ പള്‍സ് പോലും പരിശോധിക്കാതെ വീട്ടിലിരിക്കുന്നതും ശ്രദ്ധയില്‍പെട്ടതായി ആരോഗ്യ വിഭാഗം പറയുന്നു.
ജില്ലയില്‍നിന്ന് അയക്കുന്ന കോവിഡ് മരണങ്ങള് സംസ്ഥാന ഓഡിറ്റ് കമ്മിറ്റി അംഗീകരിച്ച ശേഷം പ്രഖ്യാപിക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നതെങ്കിലും ജില്ലയില്‍ ജൂണ്‍ 16 മുതല്‍ അതിന് മാറ്റം വന്നിട്ടുണ്ട്. കോവിഡ് ബാധിത മരണങ്ങളുടെ പുനഃപരിശോധനക്കായി എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോടും ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.