തിരുവനന്തപുരം : കോവിഡ് മാനദണ്ഡത്തിലെ ഇളവുപ്രകാരം ശവസംസ്കാര സ്ഥലത്ത് മതപരമായ പ്രാർഥനകൾ ചൊല്ലാം, പുണ്യജലം തളിക്കാം. ആരോഗ്യവകുപ്പ് ജീവനക്കാരൻ മൃതദേഹത്തിന്റെ മുഖംവരുന്ന ഭാഗത്തെ കവറിന്റെ സിബ്ബ് തുറന്ന് അടുത്ത ബന്ധുക്കളെ കാണിക്കും. ഈ സമയം മൃതദേഹത്തിൽ തൊടാതെ അന്ത്യകർമം ചെയ്യാം. പരമാവധി 20 പേർക്ക് ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാം.
എല്ലാവരും രണ്ടുമീറ്റർ അകലം പാലിക്കണം. കൈകൾ വൃത്തിയാക്കണം.
60 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിൽ താഴെയുള്ളവർക്കും ശ്വാസകോശ രോഗം ഉൾപ്പെടെ മറ്റു ഗുരുതര രോഗങ്ങളുള്ളവർക്കും ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയില്ല. മരണകാരണം കോവിഡാണെന്നു സംശയിക്കുന്നതും മരിച്ചനിലയിൽ കൊണ്ടുവരുന്നതുമായ മൃതദേഹങ്ങൾ പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിച്ചശേഷം എത്രയുംവേഗം ബന്ധുക്കൾക്കു വിട്ടുനൽകും. പരിശോധനാഫലം നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയവ ഒഴികെയുള്ളവയെല്ലാം പോസിറ്റീവായി കണക്കാക്കി മാനദണ്ഡം പാലിച്ചാകും ബന്ധുക്കൾക്കു വിട്ടുനൽകുക.