ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 58,390 പേര്‍. ഇവരില്‍ 87 ശതമാനവും 45 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 51% പേര്‍ 60 വയസ്സിനു മുകളിലുള്ളവരും 36% പേര്‍ 45നും 60നും ഇടയില്‍ പ്രായമുള്ളവരും ആണ്. 26 മുതല്‍ 44 വയസ്സു വരെയുള്ളവര്‍ 11% ആണ്. 18നും 25നും ഇടയില്‍ പ്രായമുള്ളവരും 17 വയസ്സില്‍ താഴെയുള്ളവരും ഓരോ ശതമാനം. സ്ത്രീകളെക്കാള്‍ ഇരട്ടിയാണ് പുരുഷന്മാരിലെ മരണ നിരക്കെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് മരിച്ചവരില്‍ 69 ശതമാനവും പുരുഷന്മാരാണ്. 31 ശതമാനം മാത്രമാണ് സ്ത്രീകള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 60,975 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,67,323 ആയി ഉയര്‍ന്നു. 66,550 പേര്‍ രാജ്യത്ത് തിങ്കളാഴ്ച രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 24,05,585 ആയി. 75.91 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നവരില്‍ 2.70% പേര്‍ക്ക് ഓക്സിജന്‍ സഹായം ആവശ്യമാണ്. 1.92% പേര്‍ ഐസിയുവിലും 29% പേര്‍ വെന്റിലേറ്ററിലുമാണ്.