ആലുവ: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി കുഞ്ഞിന് ജന്മം നല്‍കി ഏഴാംനാള്‍ മരണത്തിന് കീഴടങ്ങി. കീഴ്മാട് മാടപ്പിള്ളിത്താഴം അമ്പാട്ടുകുഴി വീട്ടില്‍ രതീഷിന്റെ ഭാര്യ അഞ്ജലി (22)യാണ് മരിച്ചത്. പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കെ കൊവഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതി സിസേറിയനിലൂടെ ആണ്‍കുട്ടിക്ക് ജന്മം നല്‍കി.
തുടര്‍ന്നും വെന്റിലേറ്ററിലായിരുന്ന യുവതി ഏഴാം നാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇടുക്കി സ്വദേശിനിയായിരുന്ന അഞ്ജലി മാതാവ് മരിച്ചതിനെ തുടര്‍ന്ന് പത്താമത്തെ വയസ് മുതല്‍ തോട്ടുമുഖം ശ്രീനാരായണ ഗിരിയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. സമാജത്തിന് കീഴിലുള്ള പ്രിന്റിംഗ് പ്രസിലെ ജീവനക്കാരിയായിരിക്കെ 2019 മെയ് 24നാണ് കേബിള്‍ ടി.വി ടെക്‌നീഷ്യനായ രതീഷ് വിവാഹം കഴിച്ചത്. രണ്ടാഴ്ച്ച മുമ്പ് കൈ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അശോകപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
ഇവിടെ നടന്ന പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തത്. തുടര്‍ന്നും വെന്റിലേറ്ററിലായിരുന്ന യുവതി ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മരിച്ചത്. നാട്ടില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന അഞ്ജലിയുടെ ഏക സഹോദരന്‍ ക്യാന്‍സര്‍ ബാധിച്ച് മരണപ്പെട്ടിരുന്നു.