തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം അവധി നല്‍കാത്തതിനെതിരെ ഒരു മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് നഴ്‌സുമാര്‍. കേരള ഗവണ്‍മെന്റ് നഴ്‌സസ് യൂണിയന്റെ (കെ.ജി.എന്‍.യു) നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഏഴു ദിവസത്തെ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ നോണ്‍-കൊവിഡ് ഡ്യൂട്ടിക്ക് കയറാനാണ് നിര്‍ദേശം. വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സമരം.
പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്നു ദിവസം ഡ്യൂട്ടി ഓഫ് നല്‍കണമെന്നാണ് ആവശ്യം. ഒന്നര മാസം മുമ്പുതന്നെ ഈ ആവശ്യം ഉന്നയിച്ച് ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് കെ.ജി.എന്‍.യു വ്യക്തമാക്കി.