വാഷിംഗ്ടണ്‍ : 6 അടിക്ക് അപ്പുറം കോവിഡ് വായുവിലൂടെയും പകരാമെന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പിന്‍വലിച്ചു. പുതിയ മാര്‍ഗനിര്‍ദേശം അബദ്ധത്തില്‍ പുറത്തിറക്കിയതാണെന്നാണ് ഏജന്‍സിയുടെ വിശദീകരണം.
കോവിഡ് ബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സ്രവകണങ്ങളിലൂടെ പ്രധാനമായും പടരുമെന്നാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവയുടെ നിലപാട്. എന്നാല്‍ കോവിഡ് വായുവില്‍ ഉണ്ടാവുമെന്നും ആറടിക്ക് അപ്പുറവും കോവിഡ് വായുവിലൂടെ പകരുമെന്നുമായിരുന്നു സിഡിസിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് പ്രസിദ്ധീകരിച്ച് ഉടനെ തന്നെ ഏജന്‍സി പിന്‍വലിക്കുകയും ചെയ്തു. കരട് റിപ്പോര്‍ട്ട് അബദ്ധത്തില്‍ പ്രസിദ്ധീകരിച്ചതാണെന്നാണ് ഏജന്‍സി പറയുന്നത്.
വായുവിലൂടെ സഞ്ചരിക്കുന്ന വൈറസുകളാണ് ഏറ്റവും പകര്‍ച്ചശേഷിയുള്ളതെന്നും ചുമരുകള്‍ക്കുള്ളില്‍ വായു ശുദ്ധീകരണ സംവിധാനങ്ങള്‍ (എയര്‍ പ്യൂരിഫയര്‍) ഉപയോഗിക്കാന്‍ സിഡിസിയുടെ പുതിയ നിര്‍ദേശങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. വായുസഞ്ചാരം കുറഞ്ഞ ഇടങ്ങള്‍ വ്യാപനസാധ്യത കൂടിയതാണെന്നും സിഡിസിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ മുന്നറിയിപ്പ് വന്നെങ്കിലും വ്യാപനം സംബന്ധിച്ചു നിലവിലുളള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.