പത്തനംതിട്ട: ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ കോവിഡ് ബാധിതനും പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ആറന്മുള വല്ലന എരുമക്കാട് സ്വദേശിയാണ് അസുഖംമാറി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. നിലവില്‍ പോസിറ്റീവ് കേസ് ഒന്നും ഇല്ലാത്തതിനാല്‍ കോവിഡ് മുക്ത ജില്ലകളുടെ പട്ടികയില്‍ പത്തനംതിട്ടയും ഇടംനേടുകയാണ്.
മികച്ച ചികിത്സയും സംരക്ഷണവും നല്‍കിയതിന് എല്ലാവരോടും നന്ദി പറഞ്ഞാണ് ജില്ലയിലെ അവസാന രോഗിയും ആശുപത്രി വിട്ടത്. രോഗമുക്തി നേടിയെങ്കിലും 14 ദിവസം വീട്ടില്‍ തന്നെ തുടരണമെന്നും വീട്ടിലുള്ളവരുമായി ശാരീരിക അകലം പാലിക്കണമെന്നും അദ്ദേഹത്തെ യാത്രയാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശിച്ചു. പരിശോധനാ ഫലം പോസിറ്റീവ് ആയതിനേത്തുടര്‍ന്ന് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയ വ്യക്തികളില്‍ രണ്ടാമതാണ് 40 കാരനായ ഇദ്ദേഹം. 41 ദിവസമാണ് ഇയാള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.
യു.കെയില്‍ നിന്നു കഴിഞ്ഞ മാര്‍ച്ച് 14 നാണ് ഇയാള്‍ നാട്ടിലെത്തിയത്. ഹോം ക്വാറന്റൈനില്‍ കഴിയവെ പനിയും ജലദോഷവുമുണ്ടായതിനേത്തുടര്‍ന്ന് മാര്‍ച്ച് 24 ന് സ്രവം പരിശോധനക്കയച്ചു. പരിശോധനാഫലം പോസിറ്റീവ് ആയതോടെ 26 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.
ഏപ്രില്‍ എട്ടിന് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും പിന്നീട് പോസിറ്റീവാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ തുടര്‍ച്ചയായി പോസിറ്റീവായി. ഏപ്രില്‍ 20 ന് വീണ്ടും നെഗറ്റീവ് ആയെങ്കിലും തുടര്‍ന്ന് പോസിറ്റീവ് ആയി. അടുത്തത് ഏപ്രില്‍ 30ന് നെഗറ്റീവ് ആയെങ്കിലും പിന്നീട് പോസിറ്റീവ് ആയി മാറി. ഇതിനിടയ്ക്ക് 19 പരിശോധനകളാണ് നടത്തിയത്. അവസാനത്തെ രണ്ടുഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. മേയ് രണ്ടിനും നാലിനും അയച്ച സ്രവങ്ങളുടെ ഫലങ്ങളാണു നെഗറ്റീവായത്. ആകെ 21 പരിശോധനകളാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ 17 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതും ചികിത്സയില്‍ രോഗം ഭേദമായതും.