മൂവാറ്റുപുഴ: കോവിഡ് വിവരങ്ങള്‍ മറച്ചുവെച്ച ആരോഗ്യവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മുവാറ്റുപുഴ നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍ കോവിഡ‍് 19 സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് മറച്ചുവെച്ചെന്നും ഇവരുടെ സമ്പര്‍ക്ക പട്ടിക പോലും തയാറാക്കിയില്ലെന്നും ആരോപിച്ച് വാര്‍ഡ് അംഗം സുമി ഷാ നൗഷാദാണ് രംഗത്തെത്തിയത്. എട്ടുദിവസം മുമ്പ് കോവിഡ് 19 സ്ഥിരീകരിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരുന്നയാളുടെ വിവരം കൗണ്‍സിലറെയും വാര്‍ഡിലെ ആശാ വര്‍ക്കറെയും അറിയിച്ചില്ലെന്നാണ് ആരോപണം.
രോഗ ബാധിതന്റെ കുടുംബാംഗങ്ങള്‍ കടകളിലും മറ്റും പോകുന്നത് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പരാതിയുമായി എത്തിയത്. ഇതിനെ തുടര്‍ന്ന് ഇവരുടെ അയല്‍വാസികളില്‍ ചിലര്‍ കഴിഞ്ഞ ദിവസം പരാതിയുമായി എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഇത് സംബന്ധിച്ച് കുടുംബാംഗങ്ങളോട് അന്വേഷിച്ചപ്പോള്‍ രോഗം സ്ഥിരീകരിച്ച വിവരം തല്‍ക്കാലം പുറത്തു പറയേണ്ടതില്ലെന്ന് ജനറല്‍ ആശുപത്രിയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതുകൊണ്ടാണ് മറച്ചുവെച്ചതെന്ന് കുടുംബാംഗം പറഞ്ഞതായി കൗണ്‍സിലര്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ രോഗവ്യാപനത്തിന് ഇടയാക്കുന്ന സ്ഥിതിയുണ്ടാക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.